കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കൂച്ച് ബെഹാർ ജില്ലയിലെ പ്രാദേശിക നേതാവ് പ്രശാന്ത ബസുനിയയാണ് അജ്ഞാതരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അജ്ഞാതർ പ്രശാന്തയുടെ വീട്ടിൽ അതിക്രമിച്ച് കയറി വെടിവെക്കുകയായിരുന്നു. ദിൻഹത ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രശാന്ത ബസൂനിയ. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ ബസുനിയയെ രണ്ട് പേർ വീട് കയറി ആക്രമിക്കുകയും വെടിവെക്കുകയുമായിരുന്നു. പ്രശാന്തയെ ദിൻഹത സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
അക്രമികളിൽ ഒരാളെ തിരിച്ചറിയാനാകുമെന്നും നേരത്തെ കണ്ടിരുന്നതായും പ്രശാന്തയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിഷയത്തിൽ കൂടുതൽ സൂചനകൾക്കായി ബസൂനിയയുടെ കുടുംബത്തെയും അയൽക്കാരെയും പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇതിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബസുനിയയെ കൊലപ്പെടുത്തിയത് ടിഎംസി ക്രിമിനലുകളാണെന്ന് ബിജെപി പശ്ചിമ ബംഗാൾ വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ ദുർബലപ്പെടുത്തുകയാണ് ടിഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശാന്ത ബസുനിയയുടെ കൊലപാതകത്തിന് പിന്നിൽ ടിഎംസിയാണെന്നും കേസ് സിബിഐയ്‌ക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ആവശ്യപ്പെട്ടു.
Comments