പ്രപഞ്ചത്തിൽ ഒരുപാട് നിഗൂഢമായ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വജ്രങ്ങളാൽ നിറഞ്ഞൊരു ഗ്രഹമുണ്ടെന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ അത്തരത്തിലൊരു ഗ്രഹമുണ്ട്. ജാൻസൻ എന്ന ഗ്രഹം സൂപ്പർ എർത്ത് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവിടെയാണ് വജ്രങ്ങൾ ഉൾപ്പെടെ നിരവധി രഹസ്യങ്ങളുള്ളത്. ശാസ്ത്രജ്ഞർക്ക് കൗതുകം സമ്മാനിക്കുന്ന ഈ ഗ്രഹത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. വജ്രം നിറഞ്ഞ ഉൾക്കാമ്പും ഉപരിതലത്തിലെ ലാവാ സമുദ്രവുമാണ് ഇതിനെ കൂടുതൽ വ്യത്യസ്തനാക്കുന്നത്.
ഭൂമിയിൽ നിന്നും 41 പ്രകാശവർഷമകലെ കാൻസർ താരസമൂഹത്തിൽ കോപ്പർനിക്കസ് എന്ന ഇരട്ടനക്ഷത്രങ്ങളെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്ത് വരുന്നത്. ഈ രണ്ട് നക്ഷത്രങ്ങൾക്കും സൂര്യനെക്കാൾ താപനില കുറവാണ്. നക്ഷത്രവുമായി വളരെ അടുത്തുള്ള ഭ്രമണപഥത്തിലാണ് ജാൻസൻ ഗ്രഹം കോപ്പർനിക്കസിനെ ഭ്രമണം ചെയ്തു വരുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിന് ഒരു വർഷമെന്നത് വെറും 18 ദിവസങ്ങൾ മാത്രമാണ്.
2004ൽ കണ്ടെത്തപ്പെട്ട ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുൾപ്പെടെ വലിയ തോതിൽ വജ്രസാന്നിധ്യമുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. യുഎസിലെ യേൽ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
എന്നാൽ ഇതിനെ എതിർത്തുകൊണ്ടുള്ള ചില പഠനങ്ങളുമുണ്ട്. ഈ ഗ്രഹത്തിൽ മാത്രമല്ല സൗരയൂഥത്തിലെ വാതകഭീമൻമാരായ യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളിൽ വജ്രങ്ങളുണ്ടാകാറുണ്ട്. മീഥെയ്നിൽ നിന്നാണ് ഇവ ഉണ്ടാകുന്നത്.ചില ഉൽക്കകളിൽ വജ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഈ പഠനങ്ങളിലുള്ളത്.
Comments