ആദിപുരുഷ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ രാമനായി എത്തുകയാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമയിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇടംപിടിച്ച പ്രഭാസ് രാമനായി എത്തുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയിലെ സിനിമാ സീരിയൽ ചരിത്രം പരിശോധിക്കുമ്പോൾ രാമനായി അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രീരാമനായെത്തി മനം കവർന്ന താരങ്ങൾ ആരെല്ലാമാണെന്ന് നോക്കാം..
രാമാനന്ദ് സാഗറിന്റെ രാമായൺ എന്ന പരമ്പരയിലൂടെ അരുൺ ഗോവിൽ എന്ന നടൻ രാമനായി എത്തിയിരുന്നു. ശ്രീരാമനായുള്ള വേഷപ്പകർച്ച ഇന്ത്യൻ പ്രേക്ഷകരിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത സമ്മാനിച്ചു.
1997ൽ പുറത്തിറങ്ങിയ ലവ കുശ എന്ന ചിത്രത്തിലൂടെ ജീതേന്ദ്രയും രാമനായി തിളങ്ങി. 2002ൽ രാമായണം പുനഃചീത്രീകരിച്ചപ്പോൾ രാമനായി എത്തിയ നിതീഷ് ഭരദ്വരാജും പ്രേക്ഷകരുടെ മനസിൽ ഇടം പിടിത്തു. സ്‌ക്രീനിൽ ഭഗവാൻ കൃഷ്ണന്റെ കഥാപാത്രത്തെയും അദ്ദേഹം അനായാസമായി കൈകാര്യം ചെയ്ത് പ്രശംസ നേടിയിരുന്നു.
2008ൽ പുറത്തിറങ്ങിയ രാമായണ പരമ്പരയിലൂടെ കേരളത്തിലടക്കം ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു ഗുർമീത് ചൗധരി. സീതയുടെ വേഷത്തിലെത്തിയ ഡെബിന ബാനർജിയും ആരാധകരുടെ മനം കവർന്നിരുന്നു. 2016ൽ പുറത്തിറങ്ങിയ രാമായണ പരമ്പരയിലൂടെ ആശിഷ് ശർമ്മ എന്ന നടനും വലിയ ജനപ്രീതി സ്വന്തമാക്കി. ഇതിനിടെ 2015ൽ രാം സിയാ കെ ലവ കുശ എന്ന ഷോയിലൂടെ നടൻ ഹിമാൻഷു സോണിയും രാമനായി വേഷമിട്ടു.
ഈ പട്ടികയിലേക്കാണ് ഇപ്പോൾ നടൻ പ്രഭാസും എത്തിയിരിക്കുന്നത്. ജൂൺ 16ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ആദിപുരുഷിൽ ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ കൃതി സനോൺ ആണ് സീതയുടെ വേഷം ചെയ്തിരിക്കുന്നത്.
Comments