ന്യൂഡൽഹി: ആരോഗ്യകരവും ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണസാധനങ്ങൾ വിളമ്പാൻ രാജ്യത്തെമ്പാടും ഭക്ഷ്യവീഥികൾ ഒരുക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ ഭക്ഷ്യവീഥിക്കും ഒരു കോടി രൂപ എന്ന നിലയിലാണ് സർക്കാർ നൽകുന്നത്. രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി ഇത്തരം 100 ഭക്ഷ്യവീഥികൾ തുറക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 60:40 അല്ലെങ്കിൽ 90:10 എന്ന അനുപാതത്തിൽ പദ്ധതിക്ക് സഹായം നൽകും. സംസ്ഥാന തലത്തിലുള്ള മുനിസിപ്പൽ, കോർപ്പറേഷൻ, വികസന അതോറിറ്റികൾ, ജില്ലാ കളക്ടർമാർ എന്നിവരുടെ ഉത്തരവാദിത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതും. കൂടാതെ എഫ്എസ്എസ്ഐഐയുടെ മാർഗനിർദ്ദേശങ്ങളനുസരിച്ച് ഈ ഭക്ഷ്യവീഥികളെ ബ്രാൻഡിംഗ് ചെയ്യും.
ഭക്ഷ്യവീഥി പദ്ധതിയുടെ ഭാഗമായി എക്സ്‌ക്ലൂസീവ് കാർട്ട്, ബ്രാൻഡിംഗ് പോലുള്ള പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം, സുരക്ഷിതമായ കുടിവെള്ളം, കൈകഴുകൽ, കക്കൂസ് സൗകര്യങ്ങൾ, പൊതുയിടങ്ങളിലെ ടൈൽ പാകിയ തറകൾ, ശരിയായ മാലിന്യ സംസ്‌കരണം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. വഴിയോരങ്ങളിൽ നിന്നുള്ള ഭക്ഷണ വ്യാപാരം ഇന്ത്യൻ ഭക്ഷ്യ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
അതേസമയം വേഗത്തിലുള്ള നഗരവൽക്കരണത്തിന്റെ ഫലമായി ഇത്തരം ഭക്ഷ്യശാലകൾ ഒരുപാട് വർദ്ധിച്ചെങ്കിലും ഭക്ഷ്യസുരക്ഷയും വൃത്തിയും ആശങ്ക സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് സർക്കർ ഇത്തരത്തിൽ രാജ്യത്തെമ്പാടും ഭക്ഷ്യവീഥി പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണരീതികൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴിൽ, ടൂറിസം, സമ്പദ് വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുന്നതിനും ഇതുവഴി സാധ്യമാകും.
Comments