കൊല്ലം : എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ രണ്ടുപേരെ കൊല്ലം സിറ്റി പൊലീസ് പിടികൂടി. കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. കൊല്ലം, കരിക്കോട്, നിക്കി വില്ലയിൽ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖിൽ സുരേഷാണ് (30) പിടിയിലായ മറ്റൊരാൾ . ഇവരിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടി.
ഇരുവരെയും കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. മൻസൂർ റഹീമിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും എം.ഡി.എം.എ കണ്ടെത്താനായില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരി ഒളിപ്പിച്ചത് മലദ്വാരത്തിലാണെന്ന് വ്യക്തമായത്. ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ നൽകിയാണ് മലദ്വാരത്തിനുള്ളിൽ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എം.ഡി.എം.എ പുറത്തെടുത്തത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നിഖിൽ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിച്ചിരുന്നു. ബെഗളൂരുവിൽ നിന്ന് പെൺസുഹൃത്തിന്റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളെ ദേഹപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
Comments