സാധാരണയായി മാനുകൾ എന്തെല്ലാമാണ് കഴിക്കാറുള്ളത്? ഇലകളും പുല്ലുകളുമൊക്കെ കഴിച്ചുനടക്കുന്ന സസ്യാഹാരികളാണ് മാനുകളെന്ന് നമ്മിൽ പലരും കരുതിയിട്ടുണ്ട്. എന്നാൽ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാരണം വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന മാൻ ആഹാരമാക്കുന്നത് ഒരു പാമ്പിനെയാണ്.
വിചിത്രമായ ഈ വീഡിയോ ട്വിറ്ററിലാണ് പ്രചരിക്കുന്നത്. ലെവൻഡോവ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. കാറിലിരിക്കുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തുന്നത്. ഇയാൾ കാറിന്റെ വിൻഡോ ഗ്ലാസ് തുറന്ന് റോഡരികിൽ നിൽക്കുന്ന മാനിനെ ഫോണിൽ പകർത്തുകയായിരുന്നു. അപ്പോഴാണ് പുൽത്തകിടിയ്‌ക്ക് മുകളിൽ നിൽക്കുന്ന മാനിന്റെ വായിൽ പാമ്പിനെ കാണുന്നത്. ഈ ദൃശ്യങ്ങൾ ‘സൂം’ ചെയ്തും കാണിക്കുന്നുണ്ട്.
ട്വിറ്ററിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയും പങ്കുവച്ചിട്ടുണ്ട്. പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ ക്യാമറകൾ സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ചും വ്യക്തമാക്കി. സസ്യാഹാരികളായ പല മൃഗങ്ങളും ചിലപ്പോൾ പാമ്പുകളെ ഭക്ഷിക്കാറുണ്ടെന്ന് സുശാന്ത നന്ദ അറിയിച്ചു. അങ്ങനെയെങ്കിൽ പാമ്പിനെ ആഹാരമാക്കുന്ന മാനിനെ കണ്ടതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സാരം.
Comments