വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ജോമോൾ. ബാലതാരമായാണ് താരം സിനിമയിലെത്തിയതെങ്കിലും പിന്നീട് നായികാ പ്രാധാന്യമുള്ള നല്ല സിനിമകളുടെ ഭാഗമായാണ് മലയാളിമനസുകളിൽ ചേക്കേറിയത്. വിവാഹശേഷം ഒരിടവേളയെടുത്ത് മാറിനിന്ന താരം ടെലിവിഷൻ പരിപാടികളിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി ഇന്നും തുടരുകയാണ്. ഒരു വടക്കൻ വീരഗാഥ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിൽ ബാല താരമായായിരുന്നു ജോമോളുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വടക്കൻ വീര ഗാഥയിലെ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചതിലൂടെ താരം കൂടുതൽ ശ്രദ്ധേയായി. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് ജോമോളുടെ യഥാർത്ഥ പേര്. സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിദ്ധ്യം കൂടിയായ ജോമോൾ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ അതുല്യ കലാകാരന്മാരായി അന്തരിച്ച താരങ്ങളെ കുറിച്ച് ജോമോൾ പറയുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ….
‘എനിക്ക് ഫിലിം ഇൻഡസ്ട്രിയിൽ അങ്ങനെ അടുത്ത കണക്ഷൻസ് ഒന്നും ഇല്ല. വിട്ടു പോയവരിൽ പറയുകയാണെങ്കിൽ ഇന്നസെന്റ് അങ്കിൾ, എൻ എഫ് വർഗീസ് അങ്കിൾ, മൂന്നാമത് ജിഷ്ണു. ജിഷ്ണുവും ഞാനും ആയിട്ട് ഫേസ്ബുക്കിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളു. അന്ന് എനിക്ക് ഫേസ്ബുക്ക് ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ ഞങ്ങൾ മെസേജ് ചെയ്യുമായിരുന്നു. ജിഷ്ണുവിന് വയ്യാത്ത സമയം ആയിരുന്നു അത്. എപ്പോഴും ടെക്സ്റ്റ് ചെയ്യുമായിരുന്നു. ജിഷ്ണുവിന്റെ ഒരുപാട് പോസ്റ്റുകൾ ഞാൻ വായിക്കാറുണ്ടായിരുന്നു. ഞാൻ അതിനൊക്കെ കമന്റ് ചെയ്യുമ്പോൾ ജിഷ്ണു എനിക്ക് മെസേജ് ചെയ്യുമായിരുന്നു. ഞാൻ ജിഷ്ണുവിനെ എന്റെ ലൈഫിൽ ആദ്യം ആയി കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോൾ ആണ്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു. അറിഞ്ഞ ഉടനെ ഞാൻ ഹോസ്പിറ്റലിൽ പോയി. ലൈഫിൽ മിസ് ചെയ്യുന്നതും ഇവരെ ഒക്കെ ആണ്.’
കരിയറിൽ തിളങ്ങി നിൽക്കവെയായിരുന്നു ജിഷ്ണുവിന്റെ വിടവാങ്ങൽ. അർബുദ ബാധിതനായി നടൻ രോഗത്തിന് കീഴടങ്ങുകയായിരുന്നു. ഇരുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പ്രശസ്ത നടൻ രാഘവന്റെ മകനാണ്. നമ്മൾ എന്ന ചിത്രത്തിലൂടെ നായകവേഷത്തിലെത്തിയ ജീഷ്ണുവിനെ ഇരുകൈയ്യും നീട്ടിയായിരുന്നു മലയാളികൾ സ്വീകരിച്ചത്. പിന്നാലെ തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും താരം അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് ജിഷ്ണു അവസാനമായി അഭിനയിച്ച മലയാള ചിത്രം. 1987-ൽ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നമ്മൾ എന്ന ചിത്രത്തിൽ തുടങ്ങി ചൂണ്ട, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ടൂ വീലർ, ഫ്രീഡം, നേരറിയാൻ സി.ബി.ഐ, പൗരൻ, പറയാം, ചക്കരമുത്ത്, നിദ്ര, ഓർഡിനറി എന്നിങ്ങിനെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെ സിനിമാ ലോകത്തിനു സമ്മാനിച്ച ശേഷം ആയിരുന്നു ജിഷ്ണു അരങ്ങൊഴിഞ്ഞത്.
Comments