ഒരു മനുഷ്യൻ എങ്ങനാണ് ഉണ്ടാകുന്നത്? അണ്ഡവും ബീജവും സംയോജിച്ച് ഗർഭപാത്രത്തിനകത്ത് വെച്ച് ഭ്രൂണമുണ്ടായ ശേഷം അത് വളർന്ന് മനുഷ്യനാകുന്നതെന്ന് നമ്മൾ ഒറ്റവാക്കിൽ സംശമില്ലാതെ പറയും. എന്നാൽ അണ്ഡവും, ബീജവും ഇല്ലാതെ പരസ്പരം സംയോജിക്കാതെ ഭ്രൂണമുണ്ടായാലോ?! ഹൃദയവും തലച്ചോറും ഉള്ള മനുഷ്യനെ ലബോറട്ടറിയിൽ സൃഷ്ടിക്കാൻ സാധിച്ചാലോ?!
ആദ്യമെന്ന് ഞെട്ടിയാലും ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ഇപ്രകാരമാണ്. ഇത്രയും നിർണായകമായ ശാസ്ത്രത്തിന്റെ വലിയൊരു ചുവടുവെയ്പ്പിലേക്ക് വേഗത പകരുകയാണ് ഇപ്പോൾ നടന്നിരിക്കുന്ന ചരിത്രപരമായ കണ്ടെത്തൽ. യുഎസിലേയും യുകെയിലേയും ഗവേഷകരാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ.
ബീജവും അണ്ഡവുമില്ലാതെ മൂലകോശങ്ങളിൽ നിന്ന് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമഭ്രൂണം നിർമ്മിച്ചിരിക്കുകയാണ് ഗവേഷകർ. മനുഷ്യക്കുഞ്ഞുങ്ങളാകുമ്പോൾ ബീജവും അണ്ഡവും സംയോജിച്ച് ഗർഭപാത്രത്തിൽ സിക്താണ്ഡമുണ്ടാവുകയും ഇത് പിന്നീട് ഭ്രൂണമാവുകയും പതിയെ ഓരോ അവയവങ്ങളായി രൂപപ്പെടുകയുമെല്ലാമാണ് ചെയ്യുന്നത്. എന്നാൽ ഗവേഷകർ നിലവിൽ നിർമ്മിച്ചിരിക്കുന്ന ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞുങ്ങളെ പോലെ ഹൃദയമോ തലച്ചോറോ ഒന്നുമില്ല. എന്നാൽ ഭാവിയിൽ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഈ മനുഷ്യൻറേതിന് സമാനമായ ഭ്രൂണത്തെ വിവിധ പഠനങ്ങൾക്കാണ് ശാസ്ത്രലോകം ഉപയോഗപ്പെടുത്തുക. എന്തുകൊണ്ട് ഗർഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് അബോർഷൻ സംഭവിക്കുന്നുവെന്നും വിവിധ ജനിതകരോഗങ്ങളെ കുറിച്ചുമൊക്കെ ശാസ്ത്രജ്ഞർ പഠിക്കും. വിവിധ വിഷയങ്ങളിൽ പുതിയ വിവരങ്ങൾ ലഭിക്കുന്നതിനും, ചികിത്സകൾക്ക് ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഈ ഭ്രൂണം ഉപകരിക്കും.
Comments