നാട്ടുകാരനായ ലക്ഷ്യ സെന്നിന്റെ വെല്ലുവിളിയെ അതിജീവിച്ച ഇന്തോനേഷ്യൻ ഓപ്പണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ പിവി സിന്ധു തായ്വാന്റെ തായ് സൂയിംഗിനോട് 21-18, 21-16 എന്ന സ്‌കോറിന് തോറ്റ് പുറത്തായി. 45 മിനിറ്റ് നീണ്ട 16-ാം റൗണ്ട് മത്സരത്തിൽ ശ്രീകാന്ത് ലക്ഷ്യ സെന്നിനെ 21-17, 22-20 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം. എച്ച്എസ് പ്രണോയ് ഹോങ്കോംഗിന്റെ ആംഗസ് എൻഗ് കാ ലോംഗിനെ പരാജയപ്പെടുത്തി. 21-18, 21-16 എന്ന സ്‌കോറിനാണ് പ്രാണോയുടെ ക്വാർട്ടർ പ്രവേശനം.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ മുട്ടിടിക്കുന്നുവെന്ന വിമർശനം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതായി പി.വി സിന്ധുവിന്റെ പ്രകടനം. സുധീർമാൻ കപ്പിലെ തനിയാവർത്തനമായിരുന്നു കഴിഞ്ഞ മത്സരവും. സിന്ധുവിന്റെ തോൽവിയോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.21-17, 21-13 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് മുൻ ലോക രണ്ടാം നമ്പർ താരം ലീ സി ജിയയെ തോൽപിച്ച് ലക്ഷ്യയും, ചൈനയുടെ ലു ഗുവാങ് സുവിനെ 21-13, 21-19ന് പരാജയപ്പെടുത്തി ശ്രീകാന്തും പ്രീ ക്വാർട്ടർ പ്രവേശനം മികച്ചതാക്കിയിരുന്നു.
ക്വാർട്ടറിൽ ഇരുവരും തമ്മിലുള്ള പോരാട്ടം തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും സെന്നിനെ മറികടന്ന് 11-10 എന്ന സ്‌കോറിന് ശ്രീകാന്ത് ലീഡ് നേടി. മത്സരം പുനരാരംഭിച്ചപ്പോഴും ശ്രീകാന്ത് ലീഡ് നിലനിർത്തിയെങ്കിലും ഇടയ്‌ക്കിടെയുള്ള പോയിന്റ് കൈമാറ്റം തുടർന്നു.വിജയത്തിനായി ലക്ഷ്യ സെൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ജൂൺ 16 വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീകാന്ത് ലി ഷിഫെംഗിനെ നേരിടും.
Comments