പാണ്ഡ്യരാജാവായ സുന്ദരേശന് പുത്രനുണ്ടായതിന്റെ സന്തോഷമാണ് പതിനൊന്നാമത്തെ ലീലയില്‍ വര്‍ണ്ണിക്കുന്നത്. തിങ്കളാഴ്ചയും തിരുവാതിരനക്ഷത്രവും ഉള്ള ശുഭദിനത്തില്‍ തടാതകാദേവി ഒരു ശിശുവിന് ജന്മം നല്‍കി. ശിശുവിന്റെ ജനനത്തില്‍ പാണ്ഡ്യരാജ്യ നിവാസികളും ദേവലോക നിവാസികളും സന്തോഷഭരിതരായി. പലകാരണങ്ങളാല്‍ തടവറയില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ പാണ്ഡ്യഭൂപതി മോചിപ്പിച്ചു. അന്ധരും അംഗഹീനരും രോഗികളും ശിവാജ്ഞയാല്‍ സ്വസ്ഥരായി ഭവിച്ചു. പുത്രന്റെ ജനനത്തില്‍ സന്തുഷ്ടനായ സോമേശ്വരന്‍ അനേകം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പന്ത്രണ്ടാം ദിനത്തില്‍ നാമകരണ ചടങ്ങ് നടന്നു. ‘ഉഗ്രന്‍’ എന്ന നാമമാണ് പാണ്ഡ്യരാജാവ് പുത്രന് നല്‍കിയത്. ശിശുവിനെ ദര്‍ശിക്കുവാനും നാമകരണചടങ്ങില്‍ പങ്കെടുക്കുവാനും ദേവന്‍മാരും ഋഷിമാരും സന്നിഹിതരായി. സൃഷ്ടികര്‍ത്താവായ ബ്രഹ്‌മദേവന്‍ ദൃഷ്ടിദോഷങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള രക്ഷ ശിശുവിന് നല്‍കി. മഹാദേവ പുത്രനായ സുബ്രഹ്‌മണ്യന്‍ തന്നെയാണ് സുന്ദരേശ പുത്രനായ ഉഗ്രന്‍ എന്ന് പലര്‍ക്കും തോന്നി.
സര്‍വ്വജ്ഞനായ പാണ്ഡ്യരാജാവ് പുത്രനെ യഥാവിധി വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. ശാസ്ത്രങ്ങളും അസ്ത്രങ്ങളും അഭ്യസിപ്പിച്ചു. അറുപത്തിനാല് കലകളിലും പുത്രന് പ്രാവീണ്യം നല്‍കി. എട്ടുവയസ്സായപ്പോള്‍ തന്നെ സകല കലകളിലും ശാസ്ത്രാസ്ത്രങ്ങളിലും ഉഗ്രന്‍ പാണ്ഡിത്യം നേടി. നല്ല ശീലങ്ങളും പുത്രനില്‍ വളര്‍ത്തിയെടുത്തു. തല്‍ഫലമായി നീതി, വിനയം തുടങ്ങിയ സദ്ഗുണങ്ങളാല്‍ ഉഗ്രകുമാരന്‍ സര്‍വ്വരേയും ആകര്‍ഷിച്ചു.
ബാല്യകൗമാരങ്ങള്‍ സന്തോഷകരമായ പിന്നിട്ട സുന്ദരേശപുത്രന് യൗവ്വനം സംജാതമായി. സര്‍വ്വാംഗസുന്ദരനായ പുത്രനെ വീക്ഷിച്ച പിതാവ് ‘ സാര്‍വ്വ ഭൗമത്വം’ ലഭിക്കുമെന്ന് നിശ്ചയിച്ചു. കാരണം സര്‍വ്വലക്ഷണങ്ങളും ഒത്തു ചേര്‍ന്നതായിരുന്നു ഉഗ്രന്റെ രൂപലാവണ്യം. പുത്രനെ രാജാവാക്കണമെന്ന് സുന്ദരേശന്‍ ചിന്തിച്ചു. എന്നാല്‍ അതിനു മുമ്പ് വിവാഹം നടത്തണമെന്ന ചിന്തയും ഉണ്ടായി. പത്‌നിയോടും മന്ത്രിമാരോടും വിവാഹാലോചനയെകുറിച്ച് പറഞ്ഞു. എല്ലാവരും ആ ചിന്തയില്‍ മുഴുകി. പാണ്ഡ്യരാജാവായ സുന്ദരേശനും പുത്രനായ ഉഗ്രന്റെ വിവാഹത്തെകുറിച്ചുള്ള ചിന്തയുമായി സസുഖം വസിച്ചു.
അടുത്ത ഹാലാസ്യ ലീല 12 : പുത്രവിവാഹവും ആയുധദാനവും
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















