ഇടുക്കി: ബൈസൺവാലി ചൊക്രമുടിയ്ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയിൽ വരുന്ന സ്ഥലം കൈയ്യേറി റിസോർട്ട് മാഫിയ. ഈ പ്രദേശത്തെ വനവാസികളുടെ പൂർവികർ തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന കല്ലമ്പലത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മാഫിയ കൈയ്യേറിയത്. റിസോർട്ട് മാഫിയ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമിച്ചതായും പ്രദേശവാസികളുടെ പരാതിയിൽ പറയുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാന്മാർ ഇപ്പോഴും പൂജ നടത്തുന്ന ക്ഷേത്രമാണ് ചൊക്രമുടിയിലെ കല്ലമ്പലം. റവന്യൂ വകുപ്പ് മന്ത്രി, വനം വകുപ്പ് മന്ത്രി, പട്ടികവർഗ വികസനവകുപ്പ് മന്ത്രി, ദേവികുളം ഡിഎഫ്ഒ, മൂന്നാർ ഡിവൈഎസ്പി, ദേവികുളം സബ് കളക്ടർ എന്നിവർക്കാണ് ചൊക്രമുടിയിലെ ആദിവാസികൾ ഇതുസംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
ചൊക്രമുടിയിലെ കാണി കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. പരാതിയിൽ 127 വനവാസികൾ ഒപ്പുവെച്ചിട്ടുണ്ട്. വനഭൂമി കൈയേറി ഹോംസ്റ്റേ, ടെൻറുകൾ എന്നിവ നടത്തുന്ന മാഫിയയാണ് റോഡുനിർമാണത്തിന് പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. ചൊക്രമുടിയിൽ അതിമനോഹരമായ ഭൂപ്രകൃതിയായതിനാൽ ടൂറിസത്തിന് സാധ്യതകൾ കൂടുതലാണെന്നത് കണക്കിലെടുത്ത് കൂടിയാണ് ടൂറിസം മാഫിയയുടെ ഈ കയ്യേറൽ.
ചൊക്രമുടി
ഇരവികുളം നാഷണൽ പാർക്കിനുള്ളിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. നീലക്കുറിഞ്ഞിപ്പൂക്കൾ ഇവിടെയും പൂക്കാറുണ്ട്. രാജമലയ്ക്കും മീശപ്പുലിമലയ്ക്കും പുറമേ, വരയാടുകൾ പാർക്കുന്ന ഇടമാണ് ചൊക്രമുടി. ഇടുക്കി ഡാം, ആനമുടി തുടങ്ങിയവയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നും കാണാം.
ചൊക്രമുടിയിലേക്ക് പോകണമെങ്കിൽ സഞ്ചാരികൾ ആദ്യം എത്തേണ്ടത് മൂന്നാറിലാണ്. അവിടെ നിന്ന് ദേവികുളം വഴി ചിന്നക്കനാൽ എത്തിയാൽ ക്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രക്കിങ് തുടങ്ങും. തുടക്കക്കാർക്ക് ട്രെക്കിംഗിന് ഏറ്റവും മികച്ച ഇടമാണ് ചൊക്രമുടി. ചുറ്റുമുള്ള മറ്റു ട്രെക്കിങ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ, താരതമ്യേന എളുപ്പമാണ് ചൊക്രമുടി ട്രെക്കിംഗ്. ഏകദേശം പത്തു കിലോമീറ്റർ ദൂരം, 3-5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം.
ട്രെക്കിങ്ങിനിടെ ആന, കാട്ടുപോത്ത്, പുലി, സാമ്പാ ഡീയർ, നീലഗിരി ഡിയർ തുടങ്ങിയ മൃഗങ്ങളെയും കാണാം. ചൊക്രമുടിയിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും അവസരമുണ്ട്, ഈ പരിസരങ്ങളിൽ സഞ്ചാരികൾ ടെൻറടിച്ചു താമസിക്കാറുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ലൈസൻസ് ഉള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ചൊക്രമുടി ട്രെക്കിങ് പാക്കേജ് നടത്തുന്നുണ്ട്. പോകുന്ന സമയത്ത് ഇത് ലഭ്യമാണോ എന്ന് അന്വേഷിച്ചിട്ട് വേണം യാത്ര തുടങ്ങാൻ.
ശൈത്യകാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഡിസംബറോടെ ചുറ്റുമുള്ള താഴ്വരകൾ മുഴുവൻ മൂടൽമഞ്ഞ് മൂടും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത്, ഈ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം, തണുപ്പ് ആസ്വദിച്ചു കൊണ്ട് ട്രെക്കിങ് നടത്താം.
Comments