ഇംഫാൽ : സമാധാന നീക്കങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഗവർണറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ച് സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായത്. സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കി.
ഇംഫാലിൽ കർഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച അക്രമികൾ കേന്ദ്രമന്ത്രി രാജ് കുമാർ രഞ്ജൻ സിങ്ങിന്റെ വീടിന് തീവെച്ചു. ഇന്നലെ രാത്രിയാണ് ഇംഫാലിൽ മന്ത്രിയുടെ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്കും അക്രമികൾ തീ വെച്ചിരുന്നു. അക്രമികളെ പിടികൂടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്പ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടെന്നും സുരക്ഷാ സേന അറിയിച്ചു.
അതേസമയം സമാധന നീക്കങ്ങൾ തകർത്തുകൊണ്ട് അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗവർണർ അനസൂയ ഊകൈ മുന്നറിയിപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശപ്രകാരം ഗവർണറുടെ അദ്ധ്യക്ഷതയിലാണ് പ്രത്യേക സമിതി രൂപീകരിച്ച് സമാധാന ശ്രമങ്ങൾ രൂപികരിക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Comments