ലഖ്നൗ: വിവാഹ ചടങ്ങിൽ സ്ത്രീധനം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ വധുവിന്റെ ബന്ധുക്കൾ വരനെ മരത്തിൽ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ബുധനാഴ്ചയാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മ എന്ന യുവാവിനെയായിരുന്നു കെട്ടിയിട്ടത്. ഉടൻ തന്നെ മാന്ധാട്ട പോലീസ് സ്ഥലത്തെത്തി യുവാവിനെ മോചിപ്പിച്ചെങ്കിലും വിവാഹം മുടങ്ങി.
വധുവിന്റെ വീട്ടുകാരോട് വരനും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. വധുവരൻമാർ മാലയിടുന്നതിന് തൊട്ട് മുൻപാണ് വരന്റെ ബന്ധുക്കൾ സ്ത്രീധനം ആവശ്യപ്പെട്ടത്. കുറച്ച് സമയം ആവശ്യമാണെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അമർജീതിന്റെ സുഹൃത്തുക്കൾ മോശമായി പെരുമാറിയതോടെ തർക്കം രൂക്ഷമായി. ഇതോടെ വധുവിന്റെ ബന്ധുക്കൾ പ്രകോപിതരാകുകയും വരനെ സമീപത്തെ മരത്തിൽ കെട്ടിയിടുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മാന്ധാട്ട പോലീസ് വരനെ മോചിപ്പിച്ചു. തുടർന്ന് ഇരു കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെനേരം ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും വിവാഹത്തിന് തയ്യാറായിരുന്നില്ല. യുവാവിനെ വധുവിന്റെ ബന്ധുക്കൾ മരത്തിൽ കെട്ടിയിട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
Comments