സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വരുമാനത്തിൽ എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ് റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ഭാരതി എയർടെല്ലിനെ പിന്തള്ളി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഒന്നാമതെത്തിയത്.
2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർടെല്ലിന്റെ റവന്യൂ മാർക്കറ്റ് ഷെയർ 36.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ അതേ കാലയളവിലെ റിലയൻസ് ജിയോയുടെ ആർഎംഎസ് 13 ബേസിസ് പോയിന്റ് ഉയർന്ന് 41.7 ശതമാനത്തിലെത്തി. എന്നാൽ ഈ കാലയളവിൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലികോം കമ്പനിയായ വോഡാഫോൺ-ഐഡിയ ആർഎംഎസ് 42 ബിപിഎസ് നഷ്ടത്തിൽ 16.6 ശതമാനം ആയി കുറയുകയും ചെയ്തു. എയർടെല്ലിന്റെ 2ജി പാക്കുകളുടെ അടിസ്ഥാന താരിഫുകൾ വർദ്ധിപ്പിച്ചതിനാലാണ് വിപണി വിഹിതത്തിൽ ഇടിവുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് മാസത്തിൽ റിലയൻസ് ജിയോ 30.5 ലക്ഷം വരിക്കാരെയാണ് ചേർത്തത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 43 കോടിയായി ഉയരുകയും ചെയ്തു. ഭാരതി എയർടെല്ല് 10.37 ലക്ഷം പേരെയും ചേർത്തു. വോഡാഫോൺ ഐഡിയയ്‌ക്ക് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ് ഇക്കാലയളവിൽ നഷ്ടമായത്.
Comments