കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വാഹന പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. സിറ്റി ക്രൈം സ്ക്വാഡ് സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാനാണ് പിടിയിലായത്. ടൗൺ എസി പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബീച്ച് റോഡിൽ വെച്ച് പ്രതി പിടിയിലായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തെ പാർക്കിംഗ് പ്രദേശത്ത് നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം നടത്തിയ രണ്ട് ഇരുചക്ര വാഹനങ്ങൾ പ്രതിയിൽ നിന്നും കണ്ടെത്തി. റോഡ് ക്യാമറയുടെ കണ്ണുവെട്ടിക്കാൻ മെഡിക്കൽ കോളേജിൽ നിന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ മാറ്റിയശേഷം ആ വാഹനത്തിലാണ് യുവാവ് സഞ്ചരിച്ചിരുന്നത്. ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു വാഹനമോഷണ കേസിലെ പ്രതിയാണിയാൾ.
Comments