പഞ്ചസാര എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. പാനിയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടമായി കഴിഞ്ഞിരിക്കുന്നു. പഞ്ചസാര കഴിക്കാതെ ഒരു നേരമെങ്കിലും ഇരിക്കുന്നതിനെപ്പറ്റി പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. അമിതവണ്ണം, പ്രമേഹം , ഹൃദ്രോഗം, കൂടാതെ വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങൾക്കും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകുന്നു. പഞ്ചസാര നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി നാം ബോധവാന്മാരായിരിക്കണം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം.
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതാണോ? ഒരു മാസത്തേക്ക് പഞ്ചസാര ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ ശരീരത്തിൽ എന്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം? ഒരു മാസത്തേക്ക് നിങ്ങൾ പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചാൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്: പഞ്ചസാര കുറയ്ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും നിങ്ങളുടെ ഊർജ്ജ നിലയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
ഭാരക്കുറവ്: കലോറി വർദ്ധിക്കാൻ പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു. അതിനാൽ, പഞ്ചസാര ഒഴിവാക്കുന്നിതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം.
ആസക്തി കുറയുന്നു: ഒരു മാസത്തേക്കോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേയ്ക്കോ പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ സാധിക്കും.
മെച്ചപ്പെട്ട ഊർജ്ജം: ഊർജത്തിനായി പഞ്ചസാരയെ കുറച്ചുമാത്രം ആശ്രയിക്കുന്നത് ദിവസം മുഴുവൻ കൂടുതൽ സുസ്ഥിരമായ ഊർജ്ജ നിലയിലേക്ക് നയിക്കും.
മെച്ചപ്പെട്ട ദന്താരോഗ്യം: പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. അതിനാൽ ഇത് ഒഴിവാക്കുന്നത് വായുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടാനുള്ള സാധ്യത: ചിലർക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കുമ്പോൾ ചർമ്മം തെളിഞ്ഞതായും മുഖക്കുരു കുറയുന്നതായും റിപ്പോർട്ട് ചെയ്യുന്നു.
Comments