ന്യൂയോർക്ക്: ലാബിൽ ജോലി ചെയ്യുന്നതിനിടെ കൈയുറയിൽ വീണ ഏതാനും തുള്ളി വിഷപദാർത്ഥം ഒരു ശാസ്ത്രജ്ഞയുടെ ജീവനെടുത്തത് ഇന്നും രസതന്ത്രലോകത്തെ ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നാണ്. അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിലെ രസതന്ത്ര പ്രൊഫസറായിരുന്ന ഡോ. കാരൻ വെറ്റർഹാൻ ആണ് ഡൈമീഥൈൽമെർക്കുറി വിഷബാധയെ തുടർന്ന് 48-ാം വയസിൽ മരിച്ചത്.
1996 ഓഗസ്റ്റ് 14-നായിരുന്നു അപകടം. അതീവ വിഷാംശമുള്ള ഡൈമീഥൈൽമെർക്കുറി കൈകാര്യം ചെയ്യുന്നതിനിടെ ഏതാനും തുള്ളികൾ അവരുടെ ലാറ്റക്സ് കൈയുറയിൽ വീണു. അന്ന് ഇത് വലിയ അപകടമായി അവർ കരുതിയില്ല. കൈയുറ മാറ്റി കൈകൾ കഴുകിയ ശേഷം സാധാരണ ജോലികളിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് ഡൈമീഥൈൽമെർക്കുറിക്ക് ലാറ്റക്സ് കൈയുറയിലൂടെ വളരെ വേഗത്തിൽ കടന്നുപോകാൻ കഴിയുമെന്ന് വ്യക്തമായത്. അപകടത്തിന് ശേഷം ഏകദേശം അഞ്ച് മാസത്തോളം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമായില്ല.
1997 ജനുവരിയോടെ വെറ്റർഹാന്റെ ആരോഗ്യനില വഷളായി. നടക്കുമ്പോൾ ശരീരം നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, സംസാരത്തിൽ അവ്യക്തത, കൈകാലുകളിൽ തരിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ആദ്യം പ്രകടമായി. പിന്നീട് കാഴ്ച മങ്ങുകയും കേൾവി ശേഷി നഷ്ടമാകുകയും ചെയ്തു.
രക്തപരിശോധനയിൽ മെർക്കുറിയുടെ അളവ് 4,000 മൈക്രോഗ്രാം/ലിറ്റർ കണ്ടെത്തി. സാധാരണ മുതിർന്നവരിൽ ഇത് ഏകദേശം 1–10 മൈക്രോഗ്രാം/ലിറ്റർ പരിധിയിലാണ്. വിഷബാധ തിരിച്ചറിഞ്ഞതോടെ മെർക്കുറി ശരീരത്തിൽ നിന്ന് പുറത്താക്കാൻ ചികിത്സ ആരംഭിച്ചെങ്കിലും അപ്പോഴേക്കും നാഡീവ്യവസ്ഥയ്‌ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അവസാനം വെറ്റർഹാൻ കോമയിലായി. 1997 ജൂൺ 8-ന് അവർ മരിച്ചു. അപകടം കഴിഞ്ഞ് ഏകദേശം പത്ത് മാസത്തിന് ശേഷമായിരുന്നു മരണം.
ഈ സംഭവം രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വലിയ മാറ്റത്തിന് കാരണമായി. സാധാരണ ലാറ്റക്സ് ഗ്ലൗസുകൾ ഡൈമീഥൈൽമെർക്കുറിയിൽ നിന്ന് മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് പിന്നീട് നടന്ന പഠനത്തിൽ കണ്ടെത്തി. തുടർന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള പ്രത്യേക കൈയുറകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രലോകം തിരിച്ചറിഞ്ഞു. കാരൻ വെറ്റർഹാന്റെ മരണം ഒരു വ്യക്തിയുടെ ദുരന്തം മാത്രമായിരുന്നില്ല. അതിലൂടെ ലബോറട്ടറി സുരക്ഷയെക്കുറിച്ചുള്ള നിർണായക പാഠങ്ങളാണ് ശാസ്ത്രലോകത്തിന് ലഭിച്ചത്.














