ന്യൂഡൽഹി: ബോംബെ ഐഐടിയ്‌ക്ക് 315 കോടി രൂപ സംഭാവന നൽകി പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകൻ നന്ദൻ നിലേക്കനി. ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ നന്ദൻ നിലേക്കനി ഐഐടിയുമായുള്ള ബന്ധത്തിൽ അൻപത് വർഷം പൂർത്തിയാക്കിയ ഘട്ടത്തിലാണ് സംഭാവന പ്രഖ്യാപിച്ചത്.
‘എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ബോംബെ ഐഐടി വലിയ പങ്കാണ് വഹിച്ചത്. ഈ സ്ഥാപനവുമായുള്ള ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്. ഈ സംഭാവന കേവലം ഒരു സാമ്പത്തിക സംഭാവന എന്നതിലുപരി സ്ഥാപനത്തോടുള്ള എന്റെ ആദരം കൂടിയാണ്. നാളെ പുതിയ ലോകത്തിലെ രൂപപ്പെടുത്തുന്ന വിദ്യാർത്ഥികളോടുള്ള പ്രതിബദ്ധതയുമാണ് ഇത്’-അദ്ദേഹം പറഞ്ഞു.
https://twitter.com/NandanNilekani/status/1671042324003164163?s=20
1973-ലാണ് നന്ദൻ നിലേക്കനി ബോംബെ ഐഐടിയിൽ ചേർന്നത്. പഠനം പൂർത്തിയാക്കിയതിന് ശേഷവും ബോംബെ ഐഐടിയുമായുള്ള ബന്ധം നിലേക്കനി പുലർത്തി. തുടർന്ന് 2011-2015 കാലഘട്ടത്തിൽ ഐഐടിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് ഉൾപ്പെടെ നിരവധി റോളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ബോംബെ ഐഐടിയിലെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും മറ്റുമാണ് ധനസഹായം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ട്അപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ഇന്ത്യയിൽ ഒരു പൂർവ്വ വിദ്യാർത്ഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയായാണ് ഇതിനെ കണക്കാക്കുന്നത്.
പൂർവ്വ വിദ്യാർത്ഥിയായ നന്ദൻ നിലേകനി ഐഐടിയ്‌ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണെന്ന് ഐഐടി ഡയക്ടർ പ്രൊഫ. സുഭാഷിസ് ചൗധരി പറഞ്ഞു. ഈ ചരിത്രപരമായ സംഭാവന ഐഐടി ബോംബെയുടെ വളർച്ചയെ ഗണ്യമായി ത്വരിതപ്പെടുത്തുകയും ആഗോള തലത്തിൽ ഐഐടിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.















