അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും മജ്ഞു എത്തുക. മിസ്റ്റർ എക്‌സ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്ന പ്രിൺസ് പിക്‌ച്ചേഴ്‌സാണ് മഞ്ജുവിനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആര്യ, ഗൗതം, കാർത്തിക് എന്നിവരാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. മലയാളി താരം അനഘയും ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ വൻ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിൽ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടീമിനൊപ്പം പ്രവർത്തിക്കാനായതിന്റെ ആഹ്‌ളാദത്തിലാണ് മഞ്ജുവും. ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റും മഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു.
ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. മഞ്ജു അവതരിപ്പിച്ച പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി. ഒരു പക്ഷെ മഞ്ജുവിന്റെ തിരിച്ചുവരവിന് ശേഷമുള്ള ഏറ്റവും നല്ല കഥാപാത്രമാണ് അസുരനിലേത്. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.
Comments