എറണാകുളം; കോട്ടയത്ത് സിഐടിയു കൊടിക്കുത്തിയതിനെ തുടർന്ന് ഉപജീവനം പെരുവഴിയിലായ ബസ് ഉടമ ബസിന് മുന്നിൽ ലോട്ടറി കച്ചവടത്തിനിറങ്ങിയത് ഈ അടുത്താണ്. അവിടെ കൂലിയെ ചൊല്ലിയുള്ള തർക്കമായിരുന്നെങ്കിൽ കളമശേരി മണ്ഡലത്തിലെ സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളാണ് വ്യവസായിയുടെ ജീവിതം വഴിമുട്ടിച്ചത്.സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളെ തുടർന്ന് വ്യവസായം നടത്തിക്കൊണ്ടുപോകാനാകുന്നില്ലെന്നും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാണിച്ച് വ്യവസായി മരണക്കുറിപ്പ് എഴുതി. വ്യവസായ മന്ത്രി പി.രാജീവിന്റെ മണ്ഡലത്തിലെ വോട്ടർക്കാണ് ഈ ദുർഗതി. ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എൻ.എ.മുഹമ്മദ്കുട്ടിയാണു മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് 6 പേജ് വരുന്ന മരണക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്.
മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കും ഉൾപ്പെടെയുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ ഏൽപിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവർത്തനം പോലും നടത്താൻ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണെന്നു മുഹമ്മദ്കുട്ടി പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ മരണക്കുറിപ്പിൽ പറയുന്നവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. മാതൃകാപരമായി പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തുവാൻ നേതാക്കൾ നിർദേശിക്കുന്ന പാർട്ടി സംഘത്തെ നിയോഗിക്കണമെന്നും മരണക്കുറിപ്പിലൂടെ വ്യവസായി അഭ്യർഥിക്കുന്നു.ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണു മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും കോട്ടയ്ക്കലിൽ രണ്ടുതവണ എല്ഡിഎഫ്
സ്ഥാനാർത്ഥി കൂടിയായിരുന്ന വ്യവസായി പറയുന്നു.
വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നൽകി 100 തൊഴിലാളികൾക്കു പ്രത്യക്ഷമായും 500 പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂർ നഗരസഭയ്ക്കും നൽകുന്നുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുന്ന ഉത്തരവുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ നോട്ടിസുകൾക്കു സ്റ്റേ അനുവദിച്ചിട്ടും നിർമ്മാണം തടയുകയാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കുന്നില്ല. പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്ന ഭീതിയാൽ ഇതിനും സാധിക്കുന്നില്ലെന്നും മുഹമ്മദ് കുട്ടി മരണക്കുറിപ്പിൽ പറയുന്നു.
















Comments