ന്യൂയോർക്ക്; ഭക്ഷണത്തിൽ വൈവിധ്യങ്ങളും രുചിയും ഏറുമ്പോൾ ആവശ്യക്കാരും അതിനനുസരിച്ച് വർദ്ധിക്കും. ഭക്ഷ്യരംഗത്ത് പല കണ്ടുപിടിത്തങ്ങളും പരാജയമാകുമ്പോഴും വിജയിക്കുന്ന ചിലതും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വിപ്ലവ കണ്ടുപിടിത്തതിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (യുഎസ്ഡിഎ) നൽകി. അപ്സൈഡ് ഫുഡ്സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകിയത്.
പോത്തുകളുടെ കോശങ്ങളിൽ നിന്നാണ് മാംസം ലാബിൽ വികസിപ്പിച്ചെടുക്കുന്നത്. ഇത്തരത്തിലുള്ള മാംസം ഭക്ഷ്യ യോഗ്യമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) നേരത്തെ അറിയിച്ചിരുന്നു.ഇതോടെ സിംഗപ്പൂരിന് ശേഷം ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി അമേരിക്ക മാറും.
നിലവിൽ ചിക്കനാണ് ഇവർ ലാബിൽ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റുകളിൽ വിളമ്പാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഉത്പാദനവും വിപണനവും വ്യാപിപ്പിക്കും. ഷെഫ് ഡൊമിനിക് ക്രെന്നിന്റെ ഉടമസ്ഥതയിലുള്ള സാൻഫ്രാൻസിസ്‌കോയിലെ ബാർ ക്രെന്നിലെ റസ്റ്റോറന്റിലാണ് ആദ്യം ലാബിൽ വികസിപ്പിച്ച മാംസം വിളമ്പുകയെന്ന് അപ്‌സൈഡ് കമ്പനി അറിയിച്ചു. ജോസ് ആൻഡ്രേസ് ഗ്രൂപ്പിന് വിൽക്കുമെന്ന് ഗുഡ് മീറ്റ് പറഞ്ഞു.
മൃഗങ്ങളുടെ ടിഷ്യൂകളിൽ നിന്നുള്ള സാമ്പിൾ സെല്ലുകൾ സ്വീകരിച്ചാണ് മാംസം വികസിപ്പിക്കുക. ഈ നടപടികൾക്ക് മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ വേണ്ട. മൃഗങ്ങളിൽ നിന്ന് വേർതിരിച്ച കോശങ്ങൾ പിന്നീട് സജ്ജീകരിച്ച സംവിധാനത്തിൽ വളർത്തുന്നു. കോശങ്ങൾ ആവശ്യമുള്ള സ്വഭാവസവിശേഷതകൾ കൈവരിച്ചാൽ സംസ്‌കരിച്ച് പാക്കേജ് ചെയ്യാനാകും.ബിയർ ഉണ്ടാക്കുന്നതിന് സമാനമാണണെന്നാണ് അപ്സൈഡ് ഫുഡ്സ് അതിന്റെ വെബ്സൈറ്റിൽ പറയുന്നത്. മൃഗങ്ങളെ അറുക്കാതെ തന്നെ യഥാർത്ഥ മാംസം ഉത്പാദിപ്പിക്കാമെന്നും കമ്പനി പറയുന്നു.
Comments