പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ വരെ നീട്ടി. ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് ഒരു മാസത്തോളം മസ്റ്ററിങ് തടസപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരേയ്‌ക്കാണ് നീട്ടയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റേണ്ട വ്യക്തികൾ ജീവനോടെയുണ്ടെന്നും അവർ സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ 2023 മുതലാണ് സർക്കാർ മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്.
ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കോമണ്‍ സര്‍വീസ് സെന്ററുകളെയും ഇതുചെയ്യാൻ പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ചിലർ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള സർവീസ് സെന്ററുകളാണ് കോമണ്‍ സര്‍വീസ് സെന്ററുകൾ. ഈ സാഹചര്യത്തിലായിരുന്നു മസ്റ്ററിങ് നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.















