ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തികേടുണ്ടാക്കുന്നവര്‍ക്ക് ഇനി കനത്ത പിഴ. നിലവിലുണ്ടായിരുന്ന 500 രൂപ പിഴ 1,000 രൂപയായി റെയില്‍വേ ഉയര്‍ത്തി. ഇതുസംബന്ധിച്ച ചട്ടഭേദഗതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പിഴ അടയ്‌ക്കാന്‍ വിസമ്മതിക്കുന്നവരെ കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിഞ്ഞാല്‍ 2,000 രൂപ വരെ പിഴ ചുമത്താന്‍ കോടതിക്ക് അധികാരമുണ്ടാകും. സ്റ്റേഷന്‍ മാസ്റ്റര്‍, സ്റ്റേഷന്‍ മാനേജര്‍, ടിക്കറ്റ് കലക്ടര്‍ എന്നിവരുടേതിന് തുല്യമോ അതിന് മുകളിലോ ഉള്ള റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ചുമത്താനുള്ള അധികാരം.
ട്രെയിനുകളിലോ റെയില്‍വേ പരിസരങ്ങളിലോ മാലിന്യം വലിച്ചെറിയുക, തുപ്പുക, മലമൂത്ര വിസര്‍ജനം നടത്തുക, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഇനി 1,000 രൂപ പിഴ ഈടാക്കും. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും റെയില്‍വേ പരിസരത്ത് തുണി അലക്കുന്നതും വാഹനങ്ങള്‍ കഴുകുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നതും നിയമലംഘനമായി കണക്കാക്കും.
റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്കും പിഴയുണ്ടാകും. കൂടാതെ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അനധികൃതമായി ചുവരെഴുത്ത് നടത്തുകയോ പോസ്റ്ററുകള്‍ പതിക്കുകയോ ചെയ്താലും നടപടി നേരിടേണ്ടിവരും.















