ഹൈദരാബാദ്; ആരാധകനായ 20കാരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻ.ടി.ആർ. 20കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആന്ധ്രയിൽ പ്രതിഷേധം കനകക്കുകയാണ്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. ജൂനിയർ എൻടിആറിന്റെ കടുത്ത ആരാധകനാണ് മരിച്ച ശ്യാം.
ഈ മാസം 25ന് രാവിലെയാണ് കോമസീമയിലെ വീട്ടിൽ ശ്യാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ഈ വാദം തള്ളുകയാണ്. ശ്യാമിന്റെ മരണം തന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ജൂനിയർ എൻ.ടി.ആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്യാമിന്റെ മരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യം ഉടൻ അന്വേഷിക്കണമെന്ന് സർക്കാർ അധികൃതരോട് അഭ്യർത്ഥിക്കുന്നുവെന്നും സാമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ജൂനിയർ എൻ.ടി.ആർ പങ്കെടുക്കുന്ന ഒട്ടുമിക്ക പൊതുചടങ്ങുകളിലേയും സാന്നിധ്യമായിരുന്നു ശ്യാം. ഈയിടെ ദാസ് കാ ധാംകി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിന് അതിഥിയായെത്തിയ എൻ.ടി.ആറിനടുത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് എത്തുന്ന തന്റെ വീഡിയോ ശ്യാം ട്വീറ്റ് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അനുനയിപ്പിച്ച് ശ്യാമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സൂപ്പർതാരത്തേയും ഈ വീഡിയോയിൽ കാണാം.
Comments