കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടൂം പനി ബാധിച്ച് മരണം. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്.
പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അസ്വാ. രണ്ട് ആഴ്ച മുന്‍പാണ് കുട്ടിയ്ക്ക് പനി ബാധിക്കുന്നത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു മരണം. മൃതദേഹം ആലക്കാട് വലിയ പള്ളിയില്‍ ഖബറടക്കി.
അതേസമയം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ജില്ലയിൽ ദിനംപ്രതി ഉയരുന്നത് ആശങ്കയുണർത്തുകയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,102 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാൽ ഇത് സർക്കാർ ആശുപത്രികളിൽ എത്തിയ രോഗികളുടെ മാത്രം കണക്കാണ്. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളിലും മറ്റു ക്ലിനിക്കുകളിലും ദിനംപ്രതി ആയിരത്തിലധികം പേരാണ് പനിബാധിച്ച് ചികിത്സ തേടുന്നത്. ദിവസം 2000ത്തോളം പേരാണ് ചികിത്സ തേടുന്നത്. നിലവിൽ വൈറൽ പനിക്ക് പുറമെ എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരുകയാണ്.
Comments