നൈജീരിയൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകർ ഇന്ത്യൻ യൂട്യൂബേഴ്‌സ് ആണെന്നും അതിന് പിന്നിലുള്ള കാരണവുമാണ് ഇപ്പോൾ ട്വിറ്ററിൽ സജീവമാകുന്നത്. നൈജീരിയയിൽ നിന്നുള്ള ഒരു ട്വിറ്റർ യൂസറിന്റെ ട്വീറ്റാണ് ഈ ചർച്ചകൾക്ക് ആധാരം.
”സർവകലാശാലകളിലെ ഭൂരിഭാഗം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെയും വിജയത്തിന് പിന്നിൽ യൂട്യൂബിലുള്ള ഇന്ത്യൻ ഗയ്‌സ് ആണ്” ഇതായിരുന്നു നൈജീരിയൻ ട്വിറ്റർ യൂസറിന്റെ ട്വീറ്റ്. 38,000ത്തിലധികം ലൈക്കുകളും 9,000ത്തോളം റീ-ട്വീറ്റുകളുമായിരുന്നു അതിന് ലഭിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലെ സത്യാവസ്ഥ തന്നെയാകണം ട്വിറ്ററിലെ ഈ അംഗീകാരത്തിന് കാരണം.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി യൂട്യൂബിൽ ഓൺലൈൻ ട്യൂട്ടോറിയലുകൾ നൽകുന്ന ഇന്ത്യൻ അദ്ധ്യാപകർ നൈജീരിയയിൽ വൻ ജനപ്രീതിയാണ് നേടുന്നത്. സപ്ലിമെന്ററി പരീക്ഷകൾ നേരിടുന്ന വിദ്യാർത്ഥികൾ ഇത്തരം ഇന്ത്യൻ ട്യൂട്ടോറിയലുകളെയാണ് ആശ്രയിക്കുന്നതെന്നാണ് വിവരം. തങ്ങളുടെ ക്ലാസ്മുറികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മികച്ച അനുഭവമാണ് ഇന്ത്യൻ അദ്ധ്യാപകർ യൂട്യൂബിലൂടെ നൽകുന്നതെന്നാണ് നൈജീരിയൻ വിദ്യാർത്ഥികളുടെ പ്രതികരണം.
സർവകലാശാലകളിലെ ക്ലാസ് റൂം ലക്ച്ചർമാരേക്കാൾ മികച്ചവരാണ് ഇന്ത്യൻ യൂട്യൂബർമാർ. ‘ഇന്ത്യൻ ആക്‌സന്റ്’ ഒരു വിഷയമാണെങ്കിലും സിലബസിലെ സങ്കീർണമായ നിരവധി കാര്യങ്ങൾ മനസിലാക്കാൻ അവർ സഹായിക്കുന്നുവെന്നും നൈജീരിയൻ വിദ്യാർത്ഥികൾ ട്വീറ്റിനോട് പ്രതികരിച്ചു.

NPTEL IIT ഗുവാഹട്ടി എന്ന ഇന്ത്യൻ യൂട്യൂബ് ചാനലാണ് കോഴ്‌സ് പൂർത്തിയാക്കാൻ സഹായിച്ചതെന്നാണ് മുൻ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും നൈജീരിയൻ ഡാറ്റ അനലിസ്റ്റുമായ ഓറോ ഒകൊലോകൊ പറയുന്നത്. ഇതുകൂടാതെ അബ്ദുൾ ബാരി, മനോച അക്കാദമി, ഓൾ എബൗട്ട് ഇലക്ട്രോണിക്‌സ് എന്നീ ഇന്ത്യൻ ചാനലുകളും നൈജീരിയൻ വിദ്യാർത്ഥികളിൽ ഏറെ ജനപ്രീതി നേടിയവയാണ്. അതേസമയം ട്യൂട്ടോറിയൽ വീഡിയോകളുടെ കമന്റ് സെക്ഷനിൽ നിന്നും നൈജീരിയൻ വിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ നേരത്തെ തന്നെ കാണാനിടയായതിനാൽ ഇക്കാര്യം ഇന്ത്യൻ യൂട്യൂബേഴ്‌സിന് അറിയാമെന്നാണ് മറ്റൊരു വസ്തുത.
ഇന്ത്യൻ എഞ്ചിനീയർമാർ ഓൺലൈൻ ലോകത്ത് ഇത്രമാത്രം അംഗീകരിക്കപ്പെടുന്നുവെന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം ഓരോ വർഷവും 1.5 ദശലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളാണ് പഠനം പൂർത്തിയാക്കി പുറത്തെത്തുന്നത്. എന്നാൽ നൈജീരിയയിലെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. നൈജീരിയൻ സർവകലാശാലകൾക്ക് ഫണ്ടിംഗ് അപര്യാപ്തമാണെന്നതിനാൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി ബാധിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അക്കാദമിക് സ്റ്റാഫുകളുടെ കുറവുമെല്ലാം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളാണ്. ഈ സാഹചര്യമാണ് ഇന്ത്യൻ യൂട്യൂബർമാരിലുള്ള എഞ്ചിനീയറിംഗ് അദ്ധ്യാപകർക്ക് തുണയാകുന്നത്. അവരുടെ അദ്ധ്യാപന ശൈലിയും സങ്കീർണമായ ആശയങ്ങൾ ലളിതമാക്കി അവതരിപ്പിക്കാനുള്ള കഴിവും നൈജീരിയൻ വിദ്യാർത്ഥികൾക്കിടയിൽ വൻ ജനപ്രീതി ലഭ്യമാകുന്നതിന് സഹായകമായി.















