മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. കലാ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യ ജീവിതത്തെ പറ്റി ഒരു വിശേഷങ്ങളും പങ്കുവെക്കാറില്ല. പ്രത്യേകിച്ച് മകൾ നാരായണിയുടെ വിശേഷങ്ങൾ. സമൂഹ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണെങ്കിലും നാരായണിയെ പൂർണമായും ശോഭന എല്ലാത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. മകൾ നൃത്തം അഭ്യസിക്കുന്ന കാര്യം പല അഭിമുഖങ്ങളിലും ശോഭന പറഞ്ഞിട്ടുണ്ട്.
നാരായണി സോഷ്യൽ മീഡിയയിൽ ഉണ്ടോ എന്നതിനെ കുറിച്ചുപോലും ആരാധകർക്ക് അറിവില്ല. എന്നാൽ ഇന്ന് ശോഭന പോസ്റ്റ് ചെയ്ത വീഡിയോയിൽ ടാഗ് ചെയ്തവരുടെ കൂട്ടത്തിൽ ‘നാരായണി ദി ട്രാവലർ’ എന്ന ഒരു ഐഡി സ്ഥാനം പിടിച്ചിട്ടുണ്ട്. വീഡിയോയ്‌ക്കൊപ്പം കുറിപ്പായി ശോഭന ചേർത്തിരിക്കുന്നതും രക്ഷകതൃത്വത്തെ കുറിച്ചാണ്. ശിഷ്യരുടെ കാര്യത്തിൽ പലപ്പോഴും ഗുരു ഒരു രക്ഷകർത്താവ് ആവുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്നാണ് ശോഭന പറയുന്നത്.
‘പഠിപ്പിക്കലും രക്ഷാകർതൃത്വവും തമ്മിലുള്ള നേർത്ത രേഖ. പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു. അർദ്ധമണ്ഡലത്തിൽ, സ്റ്റേജിൽ നൃത്തം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ കയറുമ്പോൾ വയറ്റിൽ ഒരു ആളലാണ് അദ്ധ്യാപികയ്‌ക്ക്. എന്തും സംഭവിക്കാം.സ്‌റ്റേജിലെ ലൈറ്റും ഭാരമേറിയ വേഷവിധാനവുമൊക്കെ കുട്ടിയെ പരിഭ്രമിപ്പിക്കാം. ചുവടൊന്ന് മാറി ഫാനിൽ ചവിട്ടി മറിഞ്ഞു വീണാൽ അരങ്ങേറ്റം തന്നെ പാളിപ്പോകാം. രക്ഷിതാവിനും ഗുരുവിനുമുപരിയാണ് എന്റെ അവസ്ഥ’ എന്നായിരുന്നു ശോഭനയുടെ വാക്കുകൾ.















