എത്ര ദിവസത്തേയ്‌ക്കെന്നോ എവിടെയെല്ലാം സന്ദർശിക്കണമെന്നോ മുൻകൂട്ടി തീരുമാനിക്കാതെയാണ് എന്റെ ഓരോ ‘ ഭാരത പര്യടനവും ‘. ഇത്തവണ ഏതായാലും അമൃതസർ സന്ദർശിക്കണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ആറു മാസത്തെ കടൽജീവിതം കഴിഞ്ഞ് നാട്ടിലെത്തി വിശ്രമിക്കുമ്പോൾ ” നാട് ചുറ്റാനിറങ്ങുന്നില്ലേ? ” എന്ന് ഫോൺ വിളിച്ചു ചോദിച്ച സുഹൃത്തിനോട് ” അമൃതസറിലേക്കാണ് ” എന്ന് പറഞ്ഞതും തനിക്കും കൂടെ വരണമെന്നായി. യാത്ര പുറപ്പെടുമ്പോൾ നാഴികയും വിനാഴികയും കണക്കു കൂട്ടി പൂർവ്വ സന്ദർശകരായ പത്തു പേരുടെയെങ്കിലും അഭിപ്രായമാരാഞ്ഞു അഞ്ചെട്ടു youtube വീഡിയോകളും കണ്ടു പോകുന്ന ദിവസത്തെ മുഹൂർത്തം വരെ കുറിച്ചെടുത്തു ശകുനം നോക്കി ഇറങ്ങുന്ന പ്രിയ സുഹൃത്ത് എന്റെ സ്വഭാവത്തിന് നേർ വിപരീതമാണ്. ഇങ്ങനെ രണ്ട് വൈരുദ്ധ്യങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ പരസ്പര കലഹങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണെങ്കിലും കോളേജ് കാലം മുതൽ തുടങ്ങിയ സഹയാത്രകൾകൊണ്ട് ഞങ്ങൾ പരസ്പരം ക്ഷമിക്കാനും ത്യജിക്കാനും പഠിച്ചു എന്ന് തന്നെയല്ല കലഹമില്ലെങ്കിൽ യാത്രയ്‌ക്ക് ഒട്ടു ലഹരിയില്ലെന്നുമായി. അമൃതസറിലെ യാത്രയുടെ പദ്ധതി രൂപീകരണത്തിന്റെ ചുമതല അവനിൽ നിക്ഷിപ്തമായി. അവനു പറ്റിയ നാളും പക്കവും നോക്കി ബാംഗ്ലൂരിൽ നിന്നു അമൃതസറിലേക്കു വിമാനത്തിലെത്താനാണ് തീരുമാനം. ഞാനും ആ ദിവസം തന്നെ അവിടെ എത്തിച്ചേരണം,അതിന് എനിക്കുള്ള വിമാനയാത്രകൂടി അവൻ തിരുവനന്തപുരത്തു നിന്ന് ശരിയാക്കാൻ പുറപ്പെട്ടപ്പോൾ ഞാൻ തടസ്സം പറഞ്ഞു.
“അമൃതസറിൽ കൃത്യ സമയം എത്തിയാൽ പോരേ? പോകുന്ന വഴിയിൽ ചിലയിടങ്ങൾ എനിക്ക് സന്ദർശിക്കണം……” കൃത്യ ദിവസത്തിൽ തന്നെ എത്തിച്ചേരാമെന്നു ആവർത്തിച്ചു ആണയിടുവിച്ചു കൊണ്ട് അവിടം വരെയുള്ള യാത്ര എന്റെ ഇഷ്ടത്തിന് വിടുന്നതിൽ ഉടമ്പടിയായി .
ഇത്തവണ എനിക്ക് കുറച്ച് ജാഗ്രത ഉണ്ടായേ മതിയാകൂ. യാത്രയിൽ മിനിറ്റിനും സെക്കൻഡിനും വരെ കണക്കു വേണം,പറഞ്ഞ സമയത്തു അമൃതസറിൽ എത്തണ്ടേ. ലോകമാന്യന്റെ വീട്ടിൽ പോണ്ടാന്ന് വച്ചു, രാജസ്ഥാനിലെ കോട്ട കേറണ്ടാന്ന് വച്ചു അജ്മീറിലെ ദർഗ കാണണ്ടന്നു വച്ചു തുൾജാപ്പൂരിലെ ഭവാനിയെ മനസ്സിൽ നിനയ്ച്ചു.ഞാൻ എന്നെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു.

പറഞ്ഞ ദിവസം തന്നെ അമൃതസർ പട്ടണത്തിൽ തൃക്കാലെടുത്തു വച്ചു. ചൂട് കാലാവസ്ഥയായിരുന്നു പോരെങ്കിൽ ഉച്ച മാർത്താണ്ഡന്റെ ചണ്ഡകിരണങ്ങൾ മണ്ടയിലടിക്കുന്ന നേരം. ഞാൻ എത്തുന്നതിനും രണ്ട് മണിക്കൂർ മുൻപേ അവിടെ എത്തി പാർക്കാൻ ഇടം തരപ്പെടുത്തി, ഞാൻ ഇറങ്ങിയ പാടേ ഹോട്ടലിന്റെ ഗൂഗിൾ മാപ് അയച്ചു തന്ന സുഹൃത്തിനെ അന്നേരം നന്ദിയോടെ സ്മരിച്ചു. നന്നായി ചൂട് അത്രയ്‌ക്കും അസഹ്യമായിരുന്നു… റൂമിലെത്തി കുളിച്ച് ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ തന്നെ ഇനി ഒട്ടും വൈകാതെ വാഗ അതിർത്തിയിലേക്ക് പോകണമെന്ന് അവൻ പറഞ്ഞു. ക്ഷണ നേരം വൈകാതെ റൂമിൽ നിന്ന് ഇറങ്ങി ഒരു ടാക്സി വിളിച്ചു അതിർത്തിയിലേക്ക്.
നഗര കേന്ദ്രത്തിൽ നിന്ന് മുപ്പതു കിലോമീറ്റർ അകലെയാണ് അട്ടാരി – വാഗ അതിർത്തി. സമതല ഭൂമിയിലെ റോഡിലൂടെ ടാക്സി നീങ്ങി. വശങ്ങളിൽ കൊയ്തൊഴിഞ്ഞ ഗോതമ്പു പാടങ്ങൾ, ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഗുരുദ്വാരകൾ. കാഴ്ചയ്‌ക്ക് ആനന്ദം പകരുന്ന വലിയ കാര്യങ്ങളൊന്നും പോയ വഴിയിൽ കണ്ടില്ല. അതിർത്തിയോട് ചേർന്ന ഇന്ത്യൻ ഗ്രാമത്തിന്റെ പേര് അട്ടാരി എന്നാണ്, വാഗ പാകിസ്ഥാനിലെ ലാഹോറിന്റെ ഭാഗവും. അതിർത്തിയോടു അടുക്കുമ്പോൾ തിരക്ക് കൂടി കൂടി വന്നു. വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് സെറീമണി കാണാൻ ദിവസേന ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. വൈകുന്നേരം 4 – 5 മണിക്ക് ഇടയിൽ ആരംഭിക്കുന്ന ഈ ചടങ്ങാണ് ഇവിടത്തെ പ്രധാന ആകർഷണം.

ഒരു യാത്രികൻ എന്നല്ല എല്ലാ ഭാരതീയരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചടങ്ങ് കാണേണ്ടത് തന്നെയാണ്. സായാഹ്നത്തിൽ കൊടി താഴ്‌ത്തുന്നതിനു രണ്ട് മണിക്കൂർ മുൻപേയാണ് ഈ ചടങ്ങ് ആരംഭിക്കുന്നത് ശീത കാലത്തും ഉഷ്ണ കാലത്തും സമയത്തിൽ വ്യത്യാസമുണ്ട്. ടാക്സി പാർക്കിങ് ഏരിയയിൽ ഒതുക്കി നിർത്തി ഞങ്ങൾ പുറത്തിറങ്ങി ചുറ്റുപാടും നന്നായൊന്നു നോക്കി കണ്ടു. അതിർത്തി വേലിക്കപ്പുറമുള്ള പാകിസ്ഥാൻ പ്രദേശം, ഉയർന്നു നിൽക്കുന്ന ഇരു രാജ്യങ്ങളുടെയും ഗംഭീര ധ്വജങ്ങൾ, സർവോപരി ചടങ്ങ് കാണാനെത്തിയ അസേതുഹിമാചലം വാഴുന്ന പല നാട്ടിലെ ആ ബാലവൃദ്ധം ജനങ്ങൾ.
ചടങ്ങ് നടക്കുന്ന സ്ഥലം വിശാലമാണെങ്കിലും പലപ്പോഴും അത് നിറഞ്ഞു കവിയാറുണ്ട്.. ആ നിലയ്‌ക്ക് അകത്തെ ചടങ്ങ് പുറത്തു നിന്നു വീക്ഷിക്കാൻ പാകത്തിന് നല്ല സ്ക്രീനുകളും പുറത്തുണ്ട്. ഞങ്ങൾ അകത്തു തന്നെ സ്ഥാനം പിടിച്ചു. ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോർസും പാകിസ്ഥാൻ റേഞ്ച്ഴ്‌സും ചേർന്നാണ് ഈ ചടങ്ങ് നടത്തുന്നത്. ചടങ്ങ് കാണാനെത്തിയെ ഇന്ത്യക്കാരുടെ പതിനാറിൽ ഒന്നുപോലും പാകിസ്ഥാൻ പക്ഷത്തു കാഴ്ചക്കാരായി ഉണ്ടായിരുന്നില്ല. ഇരു രാജ്യത്തെയും ദേശഭക്തിഗാനങ്ങൾ കേൾക്കാനുണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ മാർച്ച് നടുത്തളത്തിൽ ഇറങ്ങുമ്പോൾ ആവേശത്തോടെ ഇന്ത്യൻ ജനത മാതൃ ഭാരതത്തിനു ജയാരവം മുഴക്കി. കാല് ഉയരത്തിൽ പൊക്കി ചവിട്ടിയുള്ള ഗൂസ് മാർച്ചിങ് കണ്ടറിയേണ്ടതാണ്. ചരിത്ര പുസ്തകങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വായിച്ചു ‘ സുഭാഷ് ചന്ദ്ര ബോസ് അന്ന് രക്തം ചോദിച്ചപ്പോൾ കൊടുക്കാൻ ഞാൻ ഉണ്ടായിരുന്നില്ലല്ലോ കുറഞ്ഞ പക്ഷം ഉപ്പ് സത്യാഗ്രഹത്തിനെങ്കിലും പോകാമായിരുന്നു ‘ എന്ന് നെടുവീർപ്പെടുന്നവർക്ക് ഒരുപക്ഷേ ഈ ചടങ്ങ് കാണുമ്പോൾ തെല്ലൊരാശ്വാസം കിട്ടുമെന്ന് തോന്നുന്നു.

ഓരോരുത്തരും ദേശ സ്നേഹത്തിന്റെ പരകോടിയിൽ എത്തുന്നത് ഇവിടെ പ്രകടമാണ്. ഇത് കേൾക്കുമ്പോൾ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പാകിസ്ഥാനോട് യുദ്ധത്തിന് പോകുന്ന ചടങ്ങാണ് എന്ന് ധരിച്ചേക്കരുത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പ്രകടനം കൂടിയാണിത്. 1959 മുതലാണ് ബീറ്റിംഗ് റിട്രീറ്റ് സെറെമണി നിലവിൽ വന്നതെന്നാണ് അറിവ്. ഇന്ത്യ പാകിസ്ഥാൻ ക്രയ വിക്രയങ്ങൾ നടക്കുന്ന കവാടമായി വർത്തിക്കുകയാണ് വാഗ അതിർത്തി. തുറന്ന ഗേറ്റുകൾ അടച്ചു കൊടി താഴ്‌ത്തി ചടങ്ങ് അവസാനിച്ചു പുറത്തിറങ്ങുമ്പോൾ സുഹൃത്തിന്റെ മുഖം രാജ്യത്തിനു വേണ്ടി പൊരുതി വിജിഗീഷു വായ സൈനികന്റെ വീര ഭാവത്തിലായിരുന്നു.
രവിശങ്കർ.
വർക്കല സ്വദേശി. ഭാരതത്തിൽ അങ്ങോളമിങ്ങോളം നിരവധിയാത്രകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ മർച്ചന്റ് നേവിയിൽ ജോലിചെയ്യുന്നു.















