ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

Published by
Janam Web Desk

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഏകീകൃത സിവിൽ നിയമത്തെ പിന്തുണയ്‌ക്കുന്നുവെന്നും നിയമം ഭാവിയിൽ രാജ്യത്തെ സാമുദായിക സൗഹാർദം ഉറപ്പുവരുത്തുമെന്നും മായാവതി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ മായാവതി അഭിപ്രായം തുറന്നു പറഞ്ഞത്.

താനും തന്റെ പാർട്ടിയും രാജ്യത്ത് യുസിസി നടപ്പിലാക്കുന്നതിന് എതിരല്ല. നിയമം ഭാവിയിൽ രാജ്യത്തെ സാമുദായിക സൗഹാർദം നിലനിർത്താൻ സഹായിക്കും. എന്നാൽ നിയമം നടപ്പിലാക്കുന്ന രീതിയിൽ ആശങ്കയുണ്ട്. നിയമം പ്രാവർത്തികമാക്കുന്നത് രാജ്യത്തുള്ള എല്ലാ വിഭാഗങ്ങളുടെയും വികാരം മാനിച്ച് കൊണ്ടായിരിക്കണമെന്നും മായാവതി പറഞ്ഞു.

മായാവതിയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ഉത്തർപ്രദേശ് ഘടകം രംഗത്തുവന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിൽ രാഷ്‌ട്രീയമില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സബ് കാ സാത്ത്, സബ് കാ വികാസ് എന്നതാണ് പാർട്ടിയുടെ ആദർശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതെന്നും കേശവ് പ്രസാദ് പറഞ്ഞു.

പ്രതിപക്ഷ നിരയിൽ നിന്നും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്‌ക്കുന്ന മൂന്നാമത്തെ പ്രധാന പാർട്ടിയാണ് ബിഎസ്പി. ആംആദ്മി പാർട്ടിയാണ് യുസിസിയ്‌ക്ക് പിന്തുണ അറിയിച്ച് ആദ്യം രംഗത്തുവന്നത്. പിന്നാലെ ഉദ്ദവ് പക്ഷ ശിവസേനയും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്‌ക്കുമെന്ന് നിലപാട് അറിയിക്കുകയായിരുന്നു.

Share
Leave a Comment