തിരുവനന്തപുരം: ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരം കേസിൽ നിന്ന് കെ.സുരേന്ദ്രനെ രക്ഷപ്പെടുത്താൻ പിണറായി വിജയനും സിപിഎമ്മും ശ്രമിച്ചുവെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം. കെ. സുധാകരനെതിരെയുള്ള കേസിൽ പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാന രഹിതമായ ആരോപണത്തിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി കെ.സുരേന്ദ്രനും രംഗത്തെത്തി.
വി.ഡി സതീശൻ ഇന്ന് പരാമർശിച്ച മഞ്ചേശ്വരം കേസിൽ എനിക്ക് ഒരു ഔദാര്യവും പിണറായി സർക്കാർ നൽകിയിട്ടില്ല. എന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശബ്ദപരിശോധന നടത്തി. കേട്ടുകേൾവിയില്ലാത്തവിധം പീഡിപ്പിച്ചു. അവസാനം ഒരു തരത്തിലും ഒരു കോടതിയിലും നിലനിൽക്കാത്ത പട്ടികജാതി പട്ടികവർഗ പീഡനനിയമവും ഉൾപ്പെടുത്തി കാസർഗോഡ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
എന്നാൽ, വി.ഡി സതീശന്റെ പുനർജനി തട്ടിപ്പു കേസിൽ എന്താണ് സംഭവിച്ചത്. എല്ലാ തെളിവുകളും പിണറായിയുടെ കയ്യിലുണ്ടായിട്ടും ഒരു ദിവസമെങ്കിലും സതീശനെ പോലീസ് ചോദ്യം ചെയ്തോ. അന്വേഷണം എവിടെയെത്തി. പിണറായിയുടെ ഔദാര്യത്തിലല്ലേ സതീശൻ ഇപ്പോഴും നടക്കുന്നത്. ചെന്നിത്തലയെ മൂലക്കിരുത്തി പിണറായി വിജയനുമായി ഒത്തുതീർപ്പുണ്ടാക്കി അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം കളിക്കുന്ന സതീശൻ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. പൂച്ച കണ്ണടച്ചു പാലു കുടിക്കുമ്പോൾ ആരും കാണുന്നില്ലെന്ന് പൂച്ച മാത്രമേ കരുതുന്നുള്ളൂ- എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
















Comments