ഡെറാഡൂൺ: വ്യത്യസ്തമായ രീതിയിൽ വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ഒരിക്കലും മറക്കാനാകാത്ത രീതിയിൽ വിവാഹാഭ്യർത്ഥന നടത്തുക എന്നതായിരിക്കും ഓരോ പ്രണയിതാക്കളുടെയും ആഗ്രഹം. കമിതാക്കൾ എപ്പോഴും അതിനുവേണ്ടി ഏറ്റവും മനോഹരമായ സ്ഥലവും തിരഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ, കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ഒരു വിവാഹാഭ്യർഥന വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ദൃശ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ച യുവാവും മഞ്ഞ സാരി ധരിച്ച യുവതിയും കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്നുണ്ട്.
യുവാവ് കാണാതെ യുവതിയുടെ കൈയിലേക്ക് സുഹൃത്ത് മോതിരം അടങ്ങിയ ഒരു ബോക്സ് നൽകുന്നുമുണ്ട്. തുടർന്ന് യുവതി മുട്ടുകുത്തിയിരുന്ന് മോതിരം ഉയർത്തിപ്പിടിച്ച് വിവാഹാഭ്യർഥന നടത്തുകയാണ്.
യുവതിയുടെ വിവാഹാഭ്യർത്ഥന ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെല്ലാം സന്തോഷത്തോടെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. സുഹൃത്ത് യെസ് പറയുന്നതും യുവതി മോതിരം അണിയിച്ച് നൽകുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടുകൂടി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments