ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത് നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘തേജസി’ന്റെ റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഒക്ടോബർ 20-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എയർഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.
കങ്കണ ഇന്ദിരാഗാന്ധിയായി എത്തുന്ന ‘എമർജൻസി’ എന്ന ചിത്രവും വൈകാതെ പ്രദർശനത്തിനെത്താനുണ്ട്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം കൂടിയാണ് ഇത്. മണികർണിക ഫിലിംസിന്റെ ബാനറിൽ നടിയും രേണു പിറ്റിയും ചേർന്നാണ് ‘എമർജൻസി’ നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
അതേസമയം ‘എമർജൻസി’ കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭം എന്നുകൂടി പറയാം. കങ്കണ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019-ൽ പുറത്തെത്തിയ ‘മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി’യായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാൽ ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്.
കങ്കണയും നടനും കോറിയോഗ്രാഫറുമായ രാഘവ ലോറൻസും ഒരുമിക്കുന്ന തമിഴ് ചിത്രം ചന്ദ്രമുഖി 2-ന്റെ റിലീസും ഉടനെയുണ്ട്. സെപ്റ്റംബർ-19 ഗണേശ ചതുർത്ഥി ദിനത്തിലാകും ചിത്രം റിലീസ് ചെയ്യുക. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. ചിത്രത്തിന്റെ ആദ്യഭാഗം ഒരുക്കിയ വി വാസുതന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.















