രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴി, ബുള്ളറ്റ് ട്രെയിൻ പ്രോക്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രാലയം. ഗുജറാത്തിലെ വനസാരിയിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ ചിത്രങ്ങളാണ് മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചത്. കേവലം ഒരു മാസം കൊണ്ടാണ് ഇത് നിർമ്മിച്ചത്. ബിലിമോറയ്ക്കും സൂറത്ത് ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനും ഇടയിലാണ് മൂന്ന് പാലങ്ങളും നിർമ്മിച്ചിരിക്കുന്നത്.
അംബികാ നദിയ്ക്ക് കുറുകെയാണ് ഒരു പാലം നിർമ്മിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ജൂൺ മാസം വരെയുള്ള ആറ് മാസത്തെ വിലയിരുത്തലാണ് ചിത്രത്തിലുള്ളത്. 200 മീറ്റർ നീളമുള്ളതാണ് പാലം.
രണ്ടാമത്തെ ചിത്രത്തിൽ പൂർണ നദിയ്ക്ക് കുറുകെയുള്ള പാലത്തിന്റെ ചിത്രമാണ്. മൂന്ന് പാലങ്ങളിൽ നീളം കൂടിയ പാലമാണിത്. 360 മീറ്ററാണ് ഇതിന്റെ നീളം. വേലിയേറ്റ സമയത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെല്ലുവിളികൾ നിറഞ്ഞായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളെന്ന് വൃത്തങ്ങൾ അറിയിച്ചു.
മൂന്നാമത്തെ ചിത്രം 240 മീറ്റർ നീളമുള്ള പാലമാണ്. ഇത് മിന്ദോല നദിയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.
https://twitter.com/RailMinIndia/status/1675524834506285056?s=20
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി (MAHSR). മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയായാണിത്. ഈ ഇടനാഴിയിൽ ആകെ 24 പാലങ്ങളാണ് നിർമ്മിക്കുന്നത്. 20 എണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലുമാണ് നിർമ്മിക്കുക. ഗുജറാത്തിലെ നർമദ നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിനാകും ഏറ്റവും നീളമുള്ള പാലം നിർമ്മിക്കുക. 1.2 കിലോമീറ്ററാകും ഇതിന്റെ നീളം. ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ എട്ട് എച്ച്എസ്ആർ സ്റ്റേഷനുകളിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യഘട്ടം 2026ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments