ബെർലിൻ: സാധാരണ കുഞ്ഞുങ്ങൾ പിച്ചവച്ച് നിറങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങുന്ന പ്രായത്തിൽ ജർമ്മനിയിലെ രണ്ടുവയസ്സുകാരൻ ലോറന്റ് സ്ക്വാർസ് ലോകമറിയുന്ന പെയിന്റർ ആയി മാറിയിരിക്കുകയാണ്. ലോറന്റിന്റെ പെയിന്റിങ്ങുകൾക്കും ആവശ്യക്കാർ ഏറെയാണ്. അഞ്ചുലക്ഷത്തിലധികം രൂപയ്‌ക്കാണ് കുഞ്ഞൻ പിക്കാസോയുടെ പെയിന്റിങ്ങുകൾ വിറ്റുപോകുന്നത്.
കഴിഞ്ഞ അവധിക്കാലത്താണ് ലോറന്റ് ചായങ്ങളുടെ ലോകത്തേക്ക് പിച്ചവച്ചു തുടങ്ങിയത്. ലോറന്റിന്റെ കുടുംബം തങ്ങിയ റിസോർട്ടിന്റെ ആക്ടിവിറ്റി റൂമിൽ അവൻ നിറങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ചു. മകന്റെ കലയിലുള്ള താല്പര്യത്തെ തിരിച്ചറിഞ്ഞ ലോറന്റിന്റെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ അവനുവേണ്ടി ഒരു ആർട്ട് സ്റ്റുഡിയോ തന്നെ നിർമ്മിച്ച് നൽകി. തീഷ്ണനിറങ്ങൾ കൂട്ടിക്കലർത്തി മൃഗങ്ങളുടെ ചിത്രങ്ങളാണ് പെയിന്റിങ്ങുകൾ അധികവും. നിറങ്ങൾ കൂട്ടിക്കലർത്തുന്നതിനെ പറ്റി കുഞ്ഞൻ ലോറന്റിന്റെ ഉൾക്കാഴ്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അമ്മ ലിസ പറഞ്ഞു.
ലോറന്റിനുവേണ്ടി തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 29 ,000 ഫോളോവെഴ്‌സ് ആണുള്ളത്. താമസിയാതെ ലിസ മകന്റെ പെയിന്റിങ്ങുകൾ ഓൺലൈൻ ആയി വിൽക്കാനും തുടങ്ങി. മ്യൂണിക്കിലെ വലിയ ചിത്ര പ്രദർശന ശാലകളിൽ കുഞ്ഞൻ ലോറന്റിന്റെ പെയിന്റിങ്ങുകളും ഇടം നേടി. മകനെ ഒന്നിനും നിർബന്ധിക്കാറില്ലെന്നും അവന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒപ്പം നിൽക്കുകയാണ് ചെയ്യുന്നതെന്നും ലോറന്റിന്റെ മാതാപിതാക്കൾ പറയുന്നു.