‘അവന്റെ മർമ്മത്തിൽ നോക്കി അടിക്കടാ’ എന്നത് സിനിമകളിൽ നമ്മൾ സാധാരണയായി കേൾക്കുന്ന ഡയലോഗാണ്. പഴമക്കാരും മർമ്മം അറിയുന്നവൻ അടിക്കാൻ പാടില്ലെന്ന് പറയാറുണ്ട്. ഇതിനൊക്കെയുള്ള കാരണം മർമ്മം അറിഞ്ഞ് അടിച്ചാൽ പിന്നെ ജീവൻ തിരികെ കിട്ടുമോ എന്ന സംശയമാണ്.
മുറിയുകയോ, അടി കൊള്ളുകയോ ചെയ്താൽ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മർമ്മം എന്ന് പറയുന്നത്. ഏതാണ്ട് അയ്യായിരം വർഷത്തോളം പഴക്കമുള്ള മർമ്മ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് അഗസ്ത്യ മഹർഷിയാണെന്നാണ് വിശ്വാസം. മനുഷ്യ ശരീരത്തിൽ ഏതാണ്ട് 108 മർമ്മങ്ങളാണ് സ്ഥിതിചെയ്യുന്നത്.
വിട്ടു വിട്ടു സ്പന്ദിക്കുകയും അമര്‍ത്തുമ്പോള്‍ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ് മർമ്മങ്ങൾ എന്നറിയപ്പെടുന്നത്.
ഇത് പ്രധാനമായും ജീവന്റെ സ്ഥാനങ്ങളാണ്. അങ്ങനെ ജീവന്‍ തങ്ങുന്ന ഈ ജീവല്‍സ്ഥാനങ്ങൾ ആണ് മര്‍മ്മസ്ഥാനങ്ങൾ ആയി കരുതപ്പെടുന്നത്. ജീവന്റെ മര്‍മ്മം എന്നും പറയും, യഥാര്‍ത്ഥത്തിൽ രോഗത്തിനും രോഗവിമുക്തിക്കും കാരണമാകുന്ന സ്ഥാനങ്ങള്‍ ആണ്. പൊതുവെ സിദ്ധന്മാര്‍ ആണ് മര്‍മ്മചികിത്സ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുരുകുല സമ്പ്രദായപ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ പകർന്ന് നൽകിയിരുന്നുള്ളൂ.
ശരീരത്തിലെ മര്‍മ്മങ്ങളെ നാലു വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ശരീരത്തില്‍ ആകെ 108 മര്‍മ്മങ്ങളാണുള്ളത്. ഞരമ്പുസന്ധികളിലെ മര്‍മ്മങ്ങള്‍ തൊടുമര്‍മ്മം എന്നാണ് അറിയപ്പെടുന്നത്. ഇത് 96 എണ്ണമാണ്. ഇതില്‍ ഏല്‍ക്കുന്ന ആക്രമണങ്ങള്‍ മാരകമല്ലെങ്കിലും ശരീരചലനങ്ങളും പ്രവര്‍ത്തനവും അസാധ്യമാക്കാന്‍ ഇതിന് കഴിയും. പിന്നെയുള്ളത്, പടുമര്‍മ്മം. 12 മര്‍മ്മങ്ങള്‍, ഇത് മാരകമാണ്. പെട്ടെന്നു തന്നെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മര്‍മ്മങ്ങളാണിവ. ഈ 108 മര്‍മ്മങ്ങള്‍ കൂടാതെ, തട്ടു മര്‍മം എന്നും നോക്കു മര്‍മ്മം എന്നു രണ്ടെണ്ണമുണ്ട്. തട്ടുമര്‍മ്മം എന്നു പറയുന്നത് ഗുരു ശിഷ്യനിലേക്ക് പകര്‍ന്നു കൊടുക്കുന്ന രഹസ്യ മര്‍മ്മങ്ങള്‍. എന്നാല്‍, നോക്കു മര്‍മ്മം എന്നറിയപ്പെടുന്നത് ഒരു മര്‍മ്മത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ എതിരാളിയെ നേരിടുന്ന മാര്‍ഗത്തിനാണ്.
പൊക്കിള്‍ മുതല്‍ കൈ വരെയുള്ള ഭാഗങ്ങളില്‍ ഒമ്പത് മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. തലയിലും കഴുത്തിലുമായി 25 മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. കഴുത്തുമുതല്‍ പൊക്കിള്‍ വരെ 45 മര്‍മ്മസ്ഥാനങ്ങളാണ്. കൈകളില്‍ 14ഉം, കാലുകളില്‍ 15ഉം മര്‍മ്മസ്ഥനങ്ങളാണ് ശരീരത്തിൽ. ജീവന്‍, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മര്‍മ്മങ്ങള്‍.















