ന്യൂഡൽഹി: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ കെ എം വാസുദേവൻ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
”ശ്രീ കെ എം വാസുദേവൻ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓർമ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങൾ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയ്‌ക്കും പരിശ്രമങ്ങൾക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി.”- എന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്. രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.















