കൊളമ്പോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്നും ലങ്കയെ ഇന്ത്യ സാമ്പത്തികമായി സഹായിക്കുമെന്നും ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിനോദ് കെ. ജേക്കബ് അറിയിച്ചു. കൊളമ്പോയിൽ നടന്ന പവർ ആൻഡ് എനർജി എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 -ൽ ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇത്. കരുതൽ ധനത്തിലുണ്ടായ ഇടിവാണ് ശ്രീലങ്കയെ ഇത്തരത്തിലൊരു പ്രതിസന്ധിയിലേയ്ക്ക് എടുത്തെറിഞ്ഞത്.
ശ്രീലങ്കയുടെ വളർച്ചയിൽ ഇന്ത്യ ക്രിയാത്മകമായ നിലപാട് സ്വീകരിക്കും. ലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇന്ത്യ സഹായിക്കുമെന്നും വിനോദ് കെ. ജേക്കബ് പറഞ്ഞു. നിലവിൽ ശ്രീലങ്ക വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി അഭിമുഖികരിക്കുകയാണ്. ഈ അവസ്ഥയിലാണ് ശ്രീലങ്കയെ സഹായിക്കാനും സഹകരണം ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ നീക്കം. ശ്രീലങ്കയ്ക്കുള്ള ധനസഹായത്തെ പിന്തുണയ്ച്ച് ഐഎംഎഫിന് കത്തു നൽകിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ ഐഎംഎഫ് പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പണം നൽകിയ ആദ്യ ക്രെഡിറ്റർ രാജ്യം ഇന്ത്യയാണ്. പാരീസ് ക്ലബിന്റെ കോ-ചെയർ വഹിക്കുന്ന ഇന്ത്യ വിഷയത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടബാധ്യത പരിഹരിക്കുന്നതിനുള്ള ശ്രീലങ്കയുടെ അഭ്യർത്ഥന ചർച്ച ചെയ്യാൻ ഈ വർഷം മേയ് മാസം ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് എന്നിവർ സഹ അദ്ധ്യക്ഷരായി 17 രാജ്യങ്ങൾ ചേർന്ന് ഒരു ഔദ്യോഗിക ക്രെഡിറ്റർ കമ്മിറ്റി രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. കടക്കാരായ രാജ്യങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുകയാണ് പാരീസ് ക്ലബ് രാജ്യങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സാമ്പത്തികവും മനുഷ്യത്വപരവുമായ സഹായം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ശ്രീലങ്കൻ സന്ദർശനത്തെ തുടർന്ന് ശ്രീലങ്കയുടെ അടിസ്ഥാനസൗകര്യ വികസനം, ആഭ്യന്തര ഉത്പ്പാദനം, കണക്റ്റിവിറ്റി എന്നിവയിൽ നടത്തിയ നിക്ഷേപം വഴി കൂടുതൽ സഹകരണത്തിനുള്ള വഴികൾ തുറന്നിട്ടുണ്ടെന്നും 2022-ൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇന്ത്യയിലേയ്ക്കുള്ള ശ്രീലങ്കയുടെ കയറ്റുമതി വളർന്നു. കച്ചവടത്തിനായി രൂപയുടെ വിനിമയ ഉപയോഗം ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കും. ശ്രീലങ്കയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ നടപടികൾ വിനോദ് കെ. ജേക്കബ് എടുത്തു പറഞ്ഞു.
Comments