പുണ്യം പകരുന്ന രാമായണ മാസത്തിലേക്ക് കടക്കുകയാണ് നാം. രാമായണ പാരായണവും ക്ഷേത്രദർശനങ്ങളും നാലമ്പല ദർശനവും രാമായണ മാസത്തിൽ അത്യുത്തമമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിലും അദ്ധ്യാത്മരാമയണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായനകൊണ്ട് മുഖരിതമാകുന്ന 30 ദിനങ്ങളാണ് രാമായണ മാസം. കർക്കിടകമാസത്തിലെ നാലമ്പലദർശനം ഏറെ സവിശേഷമാണ്. ഭക്തർക്ക് കുറഞ്ഞ ചെലവിൽ നാലമ്പല ദർശനം നടത്താൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
രാമായണം ഒരുവട്ടം പാരായണം ചെയ്യുന്നതിന് തുല്യമാണ് നാലമ്പല ദർശനമെന്നാണ് വിശ്വാസം. ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലമെന്ന പറയുന്നത്. നാല് ക്ഷേത്രങ്ങളും ഒരേ ദിവസം തൊഴുത് പ്രാർത്ഥിക്കുന്നത് നല്ല ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ നാലമ്പലങ്ങൾ സന്ദർശിച്ച് പുണ്യം നേടാനുള്ള അവസരമാണ് കെഎസ്ആർടിസി നൽകുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം. കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം. ഈ നാലു ക്ഷേത്രങ്ങളും അടുത്തത്താണ്. കോട്ടയം – എറണാകുളം ജില്ലകളിലെ, പഴയ വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം), ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം), മൂലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം. മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം. -കേരളത്തിൽ നാലിടങ്ങളിലായാണ് നാലമ്പലമുള്ളത്.
ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്താനുള്ള അവസരമാണ് കെഎസ്ആർടിസി നൽകുന്നത്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടന യാത്രകളുണ്ടാകും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്.















