ബാങ്കോക്ക്: തായ്ലൻഡ് ആതിഥേയത്വം വഹിക്കുന്ന 2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി ഹനുമാൻ. തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഇത്തവണ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
‘ഭഗവാൻ ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാൻ തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ധൈര്യവും അർപ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ വെബ്സൈറ്റിൽ കുറിച്ചു.
മാത്രമല്ല ഹനുമാനെപ്പോലെ ആത്മസമർപ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയിൽ ഉപയോഗിക്കണമെന്നും ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.
ജൂലായ് 11-നാണ് മത്സരങ്ങൾ ആരംഭിക്കുക. ജൂലായ് 12 മുതൽ 16 വരെയാണ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മുരളി ശ്രീശങ്കർ അടക്കമുള്ള നിരവധി മലയാളി താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്
ഷോട്ട്പുട്ട് താരമായ തജിന്ദർപാൽ സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. അതേസമയം ഏഷ്യൻ അത്‌ലറ്റിക്‌സിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീം കഴിഞ്ഞ ശനിയാഴ്ച രാത്രി തന്നെ യാത്ര പുറപ്പെട്ടിരുന്നു.















