ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

Published by
Janam Web Desk

ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിനിടയിലേക്ക് അഭിപ്രായ പ്രകടവുമായി താലിബാൻ. ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്നതിനാൽ ട്വിറ്ററാണ് ഇഷ്ടപ്പെടുന്നതെന്ന് താലിബാൻ നേതാവ് അനസ് ഹഖാനി പ്രതികരിച്ചു.

മസ്‌കിന് പിന്തുണ അറിയിച്ച അനസ് ഹഖാനി, ട്വിറ്ററിന്റെ സ്വതന്ത്രമായ നയങ്ങളെയും അത് നൽകുന്ന പൊതു സ്വഭാവത്തെയും വിശ്വാസ്യതയെയും അഭിനന്ദിക്കുന്നതായും പറഞ്ഞു. കാഴ്ചപ്പാടുകൾ സ്വതന്ത്രമായി പങ്കിടുന്നതിൽ നിന്ന് ആളുകളെ നിയന്ത്രിക്കുന്ന രീതിയാണ് മെറ്റയ്‌ക്കുള്ളതെന്ന് പറഞ്ഞ താലിബാൻ നേതാവ്, എല്ലാവരെയും ആശയവിനിമയം നടത്താൻ അനുവദിക്കുന്നത് ട്വിറ്ററാണെന്നും അഭിപ്രായപ്പെട്ടു. രണ്ട് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് താലിബാന്റെ താത്വിക അവലോകനം.

‘ട്വിറ്ററിന് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് രണ്ട് പ്രധാന ഗുണങ്ങളുണ്ട്. ആദ്യത്തേത് സംസാര സ്വാതന്ത്ര്യമാണ്. രണ്ടാമത്തേത് ട്വിറ്ററിന്റെ പൊതു സ്വഭാവവും വിശ്വാസ്യതയുമാണ്. മെറ്റയെ പോലെ ഒരു അസഹിഷ്ണുതാ നയം ട്വിറ്ററിനില്ല.’ ഹഖാനി ട്വിറ്ററിൽ കുറിച്ചു.

താലിബാനെ ‘ടയർ 1 തീവ്രവാദ സംഘടന’യായി നേരത്തെ മെറ്റ പ്രഖ്യാപിച്ചിരുന്നു. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം മുതലായവയിൽ ഭീകരരായ വ്യക്തികളെയോ സംഘടനകളെയോ നെറ്റ്വർക്കുകളെയോ അനുവദിക്കുന്നില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇക്കാരണത്താലാണ് മെറ്റയോട് താലിബാന് വൈമുഖ്യമുള്ളതെന്നാണ് വിലയിരുത്തൽ.

Share
Leave a Comment