ജ്യൂസിനും കോഫിയ്‌ക്കുമൊക്കെ കേരളത്തിൽ ഇപ്പോൾ എന്താ ഡിമാൻഡ് അല്ലേ..? സമൂഹ മാദ്ധ്യമങ്ങളിൽ ഇവർ നിറഞ്ഞാടുമ്പോഴും ഗുണത്തിൽ കേമൻ ഓറഞ്ച് ജ്യൂസ് തന്നെ. തൊലികളഞ്ഞ് കഴിക്കാനാണെങ്കിലും ജ്യൂസടിച്ച് കുടിയ്‌ക്കാനാണെങ്കിലും ഓറഞ്ചിന് പ്രത്യേക രുചിയാണ്. രുചിയിൽ കേമനാണെങ്കിൽ ഗുണത്തിന്റെ കാര്യത്തിൽ ഭീകരനാണവൻ കൊടും ഭീകരൻ..
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് ഉയർന്നതാണ്. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ സി എന്നിവയുടെ കലവറയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഓറഞ്ച് ജ്യൂസ് വളരെയധികം സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ കാത്സ്യം ലഭിക്കുകയാണെങ്കിൽ ഇത് ഓക്‌സലേറ്റുകൾ രൂപപ്പെടാൻ വൃക്കകളെ സഹായിക്കുന്നു. കൂടാതെ ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്‌ക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കിഡ്‌നി സ്റ്റോണുകൾ മൂലം ഉണ്ടാകുന്ന വേദനകളിയിൽ നിന്ന് മോചനം നേടാനും ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.
യുവത്വം നിലനിർത്താൻ..
ചർമ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. മുഖത്ത് ഓറഞ്ച് ജ്യൂസ് പുരട്ടുന്നത് ചർമ്മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കുന്നതിനും മുഖക്കുരു, ചുളിവുകൾ, നേർത്ത വരകൾ എന്നിവ കുറയ്‌ക്കുന്നതിനും നല്ലതാണ്. ചർമത്തിലെ കൊളാജൻ ഉത്പ്പാദനത്തിന് വിറ്റാമിൻ സി അത്യാവശ്യ ഘടകമാണ്.
മുടിയുടെ അഴകിനും ആരോഗ്യത്തിനും
പതിവായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മുടിയ്‌ക്ക് ആവശ്യമായ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകി മുടിയെ കരുത്തുറ്റതാക്കാൻ സഹായിക്കുന്നു. അൽപം നാരങ്ങാ നീര്, കുറച്ച് തേൻ എന്നിവ രണ്ടും ഇതിൽ ചേർത്ത് മിക്‌സ് ചെയ്താൽ ഇതിന് മികച്ച ഹെയർ മാസ്‌കായി പ്രവർത്തിക്കാൻ കഴിയും. തലയോട്ടി വൃത്തിയാക്കാനും താരൻ കുറയ്‌ക്കാനുമുള്ള പ്രകൃതിദത്ത പോംവഴി ആണിത്.
അസ്ഥികളുടെ ബലത്തിന്
കാത്സ്യത്തിന്റ കലവറയായ ഓറഞ്ച് ജ്യൂസ് അസ്ഥികളുടെ ആരോഗ്യവും ബലവും വർദ്ധിപ്പിക്കുന്നതിൽ സഹായകരമാണ്. ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതകൾ കുറയ്‌ക്കുന്നു.















