ജയ്പൂർ: പബ്ജി പോലുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട കുട്ടിക്ക് വിഭ്രാന്തി. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. 15-കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട കുട്ടിയുടെ പരിസരബോധം നഷ്ടമാവുകയും മറ്റു മാനസിക പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കുകയുമായിരുന്നു. കുട്ടി ഭക്ഷണം കഴിക്കാതാവുകയും ഉറക്കത്തിൽ നിലവിളിക്കാൻ തുടങ്ങുകയും ചെയ്തതോടെ വീട്ടുകാർ വിദഗ്ധ ചികിത്സ തേടി ആശുപത്രിയിലെത്തി.
ചികിത്സയ്‌ക്കെത്തിച്ച കുട്ടിയുടെ കൈകൾ വിറയ്‌ക്കുകയും ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ പിടിച്ച് ഗെയിം കളിക്കുന്നതിന്റെ ചലനങ്ങൾ അനുകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആറ് മാസമായി തുടർച്ചയായി 15 മണിക്കൂർ മൊബൈൽ ഗെയിം കളിച്ചതാണ് കൗമാരക്കാരന്റെ മാനസികാരോഗ്യം മോശമാകാൻ കാരണമായതെന്ന് മാതാപിതാക്കൾ പറയുന്നു. കൂടാതെ ഉറക്കത്തിൽ ‘തീ, തീ’ എന്ന് നിലവിളിക്കാനും തുടങ്ങി. ഇതിന് പിന്നാലെയാണ് 15-കാരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടി ഉറങ്ങുമ്പോൾ മുഷ്ടി ചുരുട്ടി കൈകൾ മുറുകെ പിടിക്കുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന കൗൺസിലർമാർ പറയുന്നത്.
ഇത്തരത്തിൽ ഓൺലൈൻ ഗെയിമിംഗിന് അടിമപ്പെടുന്നതിനെ ഇന്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ അല്ലെങ്കിൽ വീഡിയോ ഗെയിം ആസക്തി എന്നാണ് പറയുന്നുന്നത്. നിരന്തരമായി വീഡിയോ ഗെയിം കളിക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇന്റർനെറ്റ് ഗെയിമിംഗ് ഡിസോർഡർ
ഇൻറർനെറ്റ് ഗെയിമിംഗ് ഡിസോർഡർ അല്ലെങ്കിൽ വീഡിയോ ഗെയിം ആസക്തിയുടെ വലയത്തിൽ അകപ്പെട്ട് കഴിഞ്ഞാൽ, നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളോടും വിരക്തി തോന്നിത്തുടങ്ങും. ഇത് വ്യക്തിപരവും സാമൂഹികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിക്കും. ഇത് പ്രായമായവരിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാകാറുണ്ട്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഗെയിമുകൾക്ക് അടിമപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പോലും ഇത് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഗെയിമിംഗ് ആസക്തി ഒരു പെരുമാറ്റ വൈകല്യമാണെന്ന് പല പഠനങ്ങളും പറയുന്നു. ഗെയിമുകളിൽ വീണ്ടും വീണ്ടും വിജയിക്കാനുള്ള താത്പര്യമാണ് അതിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. 2021-ലെ കണക്കുകൾ പ്രകാരം19 ശതമാനത്തിലധികം പുരുഷന്മാരിലും 7.8 ശതമാനം സ്ത്രീകളിലും ഗെയിമിംഗ് ഡിസോർഡർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഗെയിമിംഗ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ
സ്‌കൂളിൽ/ ജോലികളിൽ മോശം പ്രകടനം. ഉത്കണ്ഠ, ക്ഷോഭം, സമ്മർദ്ദം, കളിക്കാതിരിക്കുമ്പോൾ സങ്കടം എന്നിവയുണ്ടാകുന്നു. കൂടുതൽ സമയം വീഡിയോ ഗെയിമുകൾ കളിക്കാൻ വാശി പിടിക്കൽ. ദൈനംദിന പ്രവർത്തനങ്ങളും ജോലികളും ചെയ്യാതിരിക്കുക. അസ്വാഭാവിക പെരുമാറ്റങ്ങൾ, ശുചിത്വത്തിലെ കുറവ് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.
നെഗറ്റീവ് വീഡിയോ ഗെയിം ആസക്തി
ഈ ആസക്തിക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ല. ഗെയിമുകൾ കളിക്കുന്നതും വിജയിക്കുന്നതുമായ പ്രക്രിയ കൂടുതൽ ആവേശത്തോടെ തുടരുന്നു. ചലനം, ഓർമ, ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുന്നു. ഡോപാമൈൻ, ന്യൂറോ ട്രാൻസ്മിറ്റർ എന്നീ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഉയർന്നതോ താഴ്ന്നതോ ആയ ഡോപാമൈൻ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ നാഡീ സംബന്ധമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
പ്രതിരോധം
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇൻറർനെറ്റ് ഗെയിമിംഗ് ഡിസോർഡേഴ്സ് മൂലം രോഗിക്ക് മനഃശാസ്ത്രപരമായ പല അപകടങ്ങളും സംഭവിക്കാം. ആവേശം, ആത്മനിയന്ത്രണമില്ലായ്മ, ഉത്കണ്ഠ എന്നിവ കൗൺസിലിംഗിന്റെ സഹായത്തോടെ ചികിത്സിക്കാം. ഈ രോഗത്തിന്റെ ഭീകരതയെക്കുറിച്ച് കുട്ടികളെയും യുവാക്കളെയും ഉപദേശിക്കേണ്ടതും പ്രധാനമാണ്.















