കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ. താൻ സൈറനിട്ട് വരികയായിരുന്നു. പോലീസുകാരൻ കടന്നുപോകാൻ സിഗ്നൽ തന്നിട്ടാണ് മുന്നോട്ട് എടുത്തത്. തുടർന്ന് അമിത വേഗത്തിലെത്തിയ മന്ത്രിയുടെ കാർ ഇടിക്കുകയായിരുന്നെന്നാണ് ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ചുതെറിപ്പിച്ച ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടരക്കര പുലമൺ ജംഗ്ഷനിലെ സിഗ്നലിന് സമീപത്ത് വെച്ചാണ് സംഭവം. മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഒമിനിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. രോഗിക്കും കൂടെയുണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടേയും പരുക്ക് നിസ്സാരമാണ്. മന്ത്രിയുടെ വാഹനം കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
Comments