കൊല്ലം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പരാതി നൽകും. ഇന്നലെയായിരുന്നു കൊട്ടാരക്കരയിൽ വെച്ച് വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആബുംലൻസിൽ ഇടിച്ചത്.
ശിവൻകുട്ടിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. താൻ സൈറനിട്ട് വരികയായിരുന്നെന്നും പോലീസുകാരൻ കടന്നുപോകാൻ സിഗ്നൽ തന്നിട്ടാണ് മുന്നോട്ട് എടുത്തതെന്നും ആംബുലൻസ് ട്രൈവർ വ്യക്തമാക്കിയിരുന്നു. അമിത വേഗത്തിൽ എത്തിയ മന്ത്രിയുടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നും ആംബുലൻസ് ട്രൈവർ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ സിഗ്നലിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഒമിനിയുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. അപകടത്തിൽ രോഗിക്കും കൂടെയുണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. മന്ത്രിയുടെ വാഹനം കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
Comments