ഇന്ത്യയുടെ സാമ്പത്തിക വികസനം എല്ലായ്പ്പോഴും ജനകേന്ദ്രീകൃതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തികൊണ്ടു വരാനാണ് കേന്ദ്രസർക്കാർ എന്നും ശ്രമിച്ചിട്ടുള്ളത്. രാജ്യത്തെ അവസാന വീട്ടിലും സൗകര്യങ്ങൾ എത്തിക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ. അതിന് വേണ്ടി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് പ്രധാനമാണ്. സാമൂഹികവും സാമ്പത്തികവുമായി ഇന്ത്യയെ ഉയർത്താനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പാവപ്പെട്ടവർക്കായി 40 ദശലക്ഷത്തിലധികം വീടുകളും ശുചിത്വം ലക്ഷ്യമാക്കി 110 ദശലക്ഷം ടോയ്ലറ്റുകളും ഞങ്ങൾ ഇതിനോടകം തന്നെ നിർമ്മിച്ചു നൽകി. ഏകദേശം 500 ദശലക്ഷം ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. 400 ദശലക്ഷം മൈക്രോക്രെഡിറ്റ് വായ്പകൾ നൽകുകയും ചെയ്തിട്ടുണ്ട്. 90 ദശലക്ഷം വീടുകൾക്ക് പാചക വാതക കണക്ഷൻ നൽകി. രാജ്യത്ത് 500 ദശലക്ഷം ആളുകൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗവും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ഇന്ത്യയുടെ വിപ്ലവവും സാർവത്രിക ബാങ്കിംഗ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 300 ബില്യൺ യൂറോയുടെ നേരിട്ടുള്ള ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകാനും കൊറോണ കാലഘട്ടത്തിൽ 800 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകാനും ഇത് സഹായിച്ചു.
ഇന്ന്, ആഗോളതലത്തിൽ തത്സമയ ഡിജിറ്റൽ പേയ്മെന്റുകളുടെ 46% ഇന്ത്യയിലാണ് നടക്കുന്നത്. 2014 മുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ സർക്കാർ നടപ്പാക്കി വരികയാണ്. ബിസിനസ്സ് ചെയ്യാനും എളുപ്പത്തിൽ സംരംഭങ്ങൾ ആരംഭിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൊണ്ടുവന്നു. സ്റ്റാർട്ടപ്പുകളെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറി. നിക്ഷേപകരെ സഹായിക്കുന്നതിന് സുതാര്യവും സുസ്ഥിരവുമായ ഒരു നയ വ്യവസ്ഥ ഞങ്ങൾ ഉറപ്പാക്കി. ദീർഘകാല വളർച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനശിലകളായ സാങ്കേതികവിദ്യയിലും വിദ്യാഭ്യാസത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, അർദ്ധചാലകങ്ങൾ, ബഹിരാകാശം, പ്രതിരോധമേഖല എന്നിവയിൽ ഇന്ത്യയെ മുൻനിരയിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. സാങ്കേതികവിദ്യയിൽ ഇന്ത്യയ ഒന്നാമതാകുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിലും ഞങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ, പവർ സ്റ്റേഷനുകൾ എന്നിങ്ങനെ എല്ലാ മേഖലയിലും മുമ്പെങ്ങുമില്ലാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തി. ലോജിസ്റ്റിക്സിന്റെ ചിലവ് കുറയ്ക്കാനും വികസനം സുഗമമാക്കാനും ഗതി-ശക്തി പ്രോഗ്രാം കൊണ്ട് സാധിച്ചു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം, നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ പ്രോജക്ട് തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയിലെ നിർമ്മാണത്തിന് വലിയ ഉത്തേജനം നൽകി. സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ്. താമസിക്കാതെ മൂന്നാമത്തെ വലിയ രാജ്യമാകും. ലോകരാജ്യങ്ങളുമായുള്ള നല്ല ഇടപെടൽ ഇന്ത്യയുടെ സാമ്പത്തിക തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്. 2047-ഓടെ ഇന്ത്യയെ വികസിത സമ്പദ്വ്യവസ്ഥയായി കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- പ്രധാനമന്ത്രി പറഞ്ഞു.















