ന്യൂഡൽഹി:നരേന്ദ്രമോദിയെയും ബിജെപി സർക്കാരിന്റെയും ജനകീയ പ്രവർത്തനങ്ങൾ മുൻനിർത്തി 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ദേശീയ ജനാധിപത്യ സഖ്യം. ബിജെപിക്കെതിരെ പടയൊരുക്കം നടത്താൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തന്ത്രങ്ങൾ മെനയുമ്പോൾ ഇതേ നാണയത്തിൽ മറുപടി പറയാനാണ് എൻഡിഎയുടെ ശ്രമം. സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൻഡിഎ നാളെ ഡൽഹിയിൽ യോഗം ചേരും. യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
എഐഎഡിഎംകെ, ശിവസേന, എൻസിപി , ജനസേന പാർട്ടി, എൻപിപി, നാഷണലിസ്റ്റ് ഡേമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടി, അപ്നാദൾ (യുപി), റിപബ്ലിക്കൻ പാർട്ടി(എ) എന്നിവയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ബീഹാറിൽ നിന്ന് ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി, രാഷ്ട്രീയ ലോക് സമതാ പാർട്ടിയുടെ ഉപേന്ദ്ര സിംഗ് കുശ്വാഹ, വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി എന്നിവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. യുപിയിൽ സമാജ് വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഹൽദേവ് ബിഎസ്പി എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഓം പ്രകാശ് രാജ്ബർ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
Comments