കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയേറെ പ്രസിദ്ധമായിട്ടുള്ളത് തൃശൂർ-എറണാകുളം ജില്ലയിലായി സ്ഥിതിചെയ്യുന്ന നാലമ്പലങ്ങളാണ്. വളരെ പണ്ടുകാലം മുതൽക്കെ ഭക്തർ കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി ഇവിടെയെത്താറുണ്ട്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ഉച്ചയ്‌ക്ക് മുൻപായി ദർശനം നടത്തണം എന്നാണ് വിശ്വാസം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. കർക്കിടക മാസത്തിൽ നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച രാമക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. ഭൂമി ദേവിക്കും ലക്ഷ്മി ദേവിക്കും ഒപ്പമാണ് ഇവിടെ ഭഗവാന്റെ പ്രതിഷ്ഠയും. പ്രതിഷ്ഠയെ സംബന്ധിച്ചും ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ സംബന്ധിച്ചും നിരവധി ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന വിശ്വാസം. ലക്ഷ്മി ദേവിയ്‌ക്കും ഭൂമി ദേവിക്കും ഒപ്പമുള്ള ശ്രീരാമ ഭഗവാനെ ദർശിച്ചാൽ എല്ലാ ദുരിതങ്ങളും അകന്ന് നീങ്ങുമെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ മര്യാദ പുരുഷോത്തമൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ. ഘര-ദൂഷണ-ത്രിശശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ച ശേഷം അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിലാണ് പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ലക്ഷ്മീ ദേവിയേയും ഭൂമി ദേവിയേയും ഭഗവാന്റെ ഇരുവശങ്ങളിലുമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവർ ഊരകത്തമ്മയും ചേർപ്പിലമ്മയുമാണെന്നാണ് വിശ്വാസം.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം
ശ്രീരാമന്റെ സഹോദരനായ ഭരതനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം. ഭരത ക്ഷേത്രങ്ങൾ അപൂർവ്വമായതിനാൽ തന്നെ ഈ ക്ഷേത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ശ്രീരാമൻ വനവാസത്തിനായി പുറപ്പെട്ടപ്പോൾ ഭരതൻ രാമന്റെ പാദങ്ങൾ സൂക്ഷിച്ച് പൂജിച്ചിരുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടുത്തെ തീർത്ഥക്കുളത്തിലെ വെള്ളത്തിൽ ഗംഗ നദിയുടെ സാന്നിദ്ധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. തീർത്ഥക്കുളത്തിലെ ജലത്തിന് ഗുണമുണ്ടെന്നും പറയപ്പെടുന്നു. വനവാസം കഴിഞ്ഞ് വരുന്ന രാമനെ കാത്തിരിക്കുന്ന രൂപത്തിലാണ് ഭരതൻ ഇവിടെയുള്ളത്. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാ പ്രതിഷ്ഠകൾ ഇല്ല എന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ദ്വാരക സമുദ്രത്തിൽ മുങ്ങിത്താണപ്പോൾ ശ്രീകൃഷ്ണൻ ആരാദിച്ചിരുന്ന വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകി നടക്കാൻ തുടങ്ങി. ഇവിടുത്തെ ഒരു നാട്ടുപ്രമാണിയ്‌ക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകി നടക്കുന്നതായി സ്വപ്‌ന ദർശനമുണ്ടായി. പിന്നീട് ഇത് കണ്ടെത്തി പ്രതിഷ്ഠ നടത്തിയെന്നാണത്രെ ഐതീഹ്യം.
തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണിത്. ദ്വാരകയിൽ ലക്ഷ്മണൻ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹമാണ് ഇവിടെയുള്ളത് ഐതീഹ്യങ്ങളിൽ കുറിച്ചിട്ടുള്ളത്. അനന്തന്റെ അവതാരമാണ് ലക്ഷ്മണൻ എന്നാണ് വിശ്വാസം. ഇക്കാരണത്താൽ തന്നെ ഇവിടെ സർപ്പദംശനം ഏൽക്കുകയില്ല എന്നും പറയപ്പെടുന്നു.
108 വൈഷ്ണവ ക്ഷേത്രങ്ങൾ ഉള്ളവയിൽ ലക്ഷ്മണ സ്വാമിയുടെ സങ്കൽപ്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ് ഉള്ളത്. ആദിശേഷന്റെ അവതാരമായ ലക്ഷ്മണ ഭഗവാനെ ഇവിടെ രാവണപുത്രനായ മേഘനാദനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കൽപ്പങ്ങളോടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
പായമ്മൽ ശത്രുഘ്‌നക്ഷേത്രം
നാലമ്പല ക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ശത്രുഘ്‌നനായി സമർപ്പിച്ചിരിക്കുന്ന പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നൻ എന്നാണ് വിശ്വാസം. ശാന്തഭാവത്തിലുള്ള ശത്രുഘ്‌നനെയാണ് ഇവിടെ ആരാധിക്കുന്നത്. രാമന്റെ വനവാസത്തിന് കാരണം മന്ഥര അറിഞ്ഞ് അവരെ വധിക്കാൻ തയ്യാറായി നിൽക്കുന്ന ശത്രുഘ്‌നനെ ഭരതൻ ആശ്വസിപ്പിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.
നാലമ്പല ക്ഷേത്രം ദർശന സമയം
തൃപ്രയാർ രാമസ്വാമി ക്ഷേത്രം പുലർച്ചെ 3.30-ന് നട തുറന്ന് ഉച്ചയ്‌ക്ക് 12.00-ന് നട അടയ്‌ക്കും. വൈകുന്നേരം 4.30-ന് നട തുറന്ന് രാത്രി 8.00-ന് അടയ്‌ക്കും. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രംപുലർച്ചെ 3.30-ന് നട തുറന്ന് ഉച്ചയ്‌ക്ക് 11.00-ന് നട അടയ്‌ക്കും. തുടർന്ന് വൈകുന്നേരം 5.00-ന് നട തുറക്കും. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്ര നട രാവിലെ 5.00-ന് തുറന്ന് 12.00-ന് അടയ്‌ക്കും. ശേഷം, വൈകുന്നേരം 5.00-ന് നട തുറക്കും. പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം രാവലെ 5.00-ന് തുറന്ന് ഉച്ചയ്‌ക്ക് 1.30-ന് നട അടയ്‌ക്കും, വൈകുന്നേരം 4.30-ന് തുറന്ന് രാത്രി 9.00-ന് അടയ്‌ക്കും.
Comments