ഇന്ന് പ്രഖ്യാപിച്ച ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തി. നൂറാം സ്ഥാനത്തായിരുന്ന നീലപ്പട 99-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 1208 പോയിന്റാണ് ഫിഫയുടെ റാങ്കിംഗിൽ ഇന്ത്യയയ്‌ക്കുളളത്. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു ഉണ്ടായിരുന്നത്. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ള ലെബനനെനും കിർഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. പിന്നാലെ അതിഥികളായെത്തിയ കുവൈറ്റിനെ തോൽപ്പിച്ചാണ് സാഫ് കപ്പിൽ ഇന്ത്യ മുത്തമിട്ടത്. കഴിഞ്ഞ വർഷം ഈ സമയം ഇന്ത്യ റാങ്കിംഗിൽ 104-ാം സ്ഥാനത്തായിരുന്നു.
2022 സെപ്റ്റംബറിൽ ത്രിരാഷ്‌ട്ര ടൂർണമെന്റിൽ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച മത്സരങ്ങളിലൊന്നിലും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. പഴയ ഉഴപ്പൻ ഫുട്ബോളിനേക്കാൾ മികച്ച അഴകുള്ള ഫുട്ബോൾ കളിക്കാൻ ഇന്ന് നമുക്ക് പറ്റുന്നുണ്ട്. മികച്ച പാസിംഗും അതിനേക്കാൾ മികച്ച ടീം ഗെയിംമിഗും കളിക്കാൻ നമുക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റമായി ഉയർത്തികാട്ടേണ്ടത്. ആരാധകർക്ക് പ്രതീക്ഷ നൽകുന്നതരത്തിലാണ് ടീം ഇപ്പോൾ കളിക്കളത്തിൽ പന്തുതട്ടിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് മുന്നിൽ ഉണ്ടായിരുന്ന ലെബനൻ പുതിയ റാങ്കിംഗിൽ 100-ാം സ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു. രണ്ടുവർഷത്തോളമായി ഫുട്‌ബോളിൽ മികച്ച പ്രകടനങ്ങൾ തുടരുന്ന ടീം പങ്കെടുക്കുന്ന ടൂർണമെന്റുകളിലെല്ലാം സ്ഥിരത പുലർത്തുന്നത് ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്.
ലോക ചാമ്പ്യൻമാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏപ്രിലിലെ റാങ്കിംഗിൽ അർജന്റീന ബ്രസീലിനെ പിൻതളളി ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്ത് തുടരുന്ന അർജന്റീനയ്‌ക്ക് 1843 പോയിന്റാണുളളത്. രണ്ടാമതുളള ഫ്രാൻസിനും 1843 പോയിന്റുണ്ട്. ബ്രസീൽ 1828 പോയിന്റുമായി ഇപ്പോഴും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് 4-ാമതും ബെൽജിയം 5-ാമതുമാണ്.
















Comments