തിരുവനന്തപുരം: കേരളമിന്നു വരെ കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിലുടനീളം അനുഗമിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകിയ ആ ജനസാഗരത്തെ അവഹേളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഇടതു ബുദ്ധിജീവി എൻ ഈ സുധീർ.
ആദ്ദേഹത്തിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെ അവഹേളിക്കുന്നത്. “ശവം വെച്ചുള്ള തെരുവു ഷോ” എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തു കൊണ്ട് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മനസ്സ് തകർന്നിരിക്കുന്ന അനുയായികളെയും കുടുംബാംഗങ്ങളെയും അദ്ദേഹത്തിന് യാത്രാമൊഴിയേകിയ കേരളത്തെയും ഒന്നടങ്കം അവഹേളിക്കുകയാണ് എൻ ഇ സുധീർ. അതുകൂടാതെ രാവേറെ ചെല്ലും വരെ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ച മാധ്യമങ്ങളെയും ഭർസിക്കുന്നുണ്ട് സുധീർ.
എൻ ഈ സുധീറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും:
“ശവഘോഷയാത്ര കടന്നുപോയ തെരുവുകളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാലും അതൊരു ശവഘോഷയാത്രയാണ്. തികച്ചും അരോചകമായ ഒന്ന്. അതിനെ വിഷലിപ്തമാക്കിക്കൊണ്ട് മത്സരിച്ചുള്ള തത്സമയ ചാനൽ സംപ്രക്ഷേപണങ്ങളും. ഇത് സഹിച്ച മലയാളിയെ നമിക്കണം.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ മൃതദേഹമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്. ഉമ്മൻചാണ്ടി ഇതാഗ്രഹിച്ചു കാണുമോ എന്നെനിക്കറിയില്ല. ഇല്ലെന്നു കരുതാനാണ് എനിക്കിഷ്ടം.
കോടിയേരിയുടെയും നായനാരുടെയും
മൃതദേഹങ്ങൾ ഇങ്ങനെ മണിക്കുറുകൾ തെരുവുകളിലൂടെ യാത്രചെയ്തു എന്നു നമുക്കറിയാം. എന്നാൽ സാക്ഷാൽ ഇ. എം. എസ്സിനെ മണിക്കൂറുകൾക്കകം അദ്ദേഹം മരിച്ച തിരുവനന്തപുരത്തുതന്നെ ദഹിപ്പിച്ചു. സി.പി.ഐ നേതാവായ എൻ.ഇ. ബാലറാം മരിച്ചാൽ കഴിയുന്നതും വേഗം തൊട്ടടുത്തുള്ള ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് പറഞ്ഞു വെച്ചിരുന്നു. ആ പിണറായിക്കാരനെയും തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ തൊട്ടടുത്ത ദിവസം അടക്കം ചെയ്തു. ഇങ്ങനെയും മാതൃകകളുണ്ട് എന്ന് നമ്മളോർക്കണം.
ഇനിയുള്ളവരെങ്കിലും ഇത് പാടില്ല എന്ന് ഉറപ്പിച്ചു പറയണം. കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ നിലപാടെടുക്കണം.
ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ശവം വെച്ചുള്ള ഇത്തരം തെരുവുകൾഷോകൾ എന്ന് തിരിച്ചറിയണം. മരിച്ചയാൾക്ക് ജനഹൃദയങ്ങളിൽ ഇടമുണ്ടെന്ന് ഇങ്ങനെ തെളിയിക്കേണ്ടതില്ലല്ലോ…
വിവേകമില്ലാത്ത നമ്മുടെ ചാനലുകൾക്ക് ഉത്സവമാക്കാൻ സാധ്യതയൊരുക്കുന്ന ഇത്തരം ശവഘോഷയാത്രകൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ.”
എന്നാൽ സുധീറിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റിൽ “ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വെച്ച് നല്ല മാതൃക കാണിച്ച ഒരു നേതാവിന്റെ ശവമാണ് ഒന്നിലധികം ദിവസമായി തെരുവിലൂടെ ഇഴഞ്ഞുനീങ്ങിയത്.” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് . തൊട്ടു താഴെ “കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ” എന്നും പറഞ്ഞു .
എന്നാൽ വളരെ കൃത്യമായ മറുപടികളോടെ എൻ ഈ സുധീർ നടത്തിയ ഈ അവഹേളനത്തെ പൊതു സമൂഹം ആ പോസ്റ്റിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. എൻ ഈ സുധീർ സാംസ്കാരിക വിനായകൻ ആണെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ശവം എന്ന് ആവർത്തിച്ചെഴുതുകയും ശവഘോഷയാത്ര എന്ന് പലതവണ വിശേഷിപ്പിക്കുകയും ചെയ്ത എൻ ഈ സുധീറിന്റെ വികലമായ ചിന്തയെ നിരവധിപേര് ചോദ്യം ചെയ്തിട്ടുണ്ട്. എന്നിട്ടും ആ പോസ്റ്റ് പിന് വലിക്കുവാനോ തിരുത്തുവാനോ സുധീർ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ നിന്നുള്ള നിരവധി പേരാണ് സുധീറിനെ വിമർശിച്ചു കൊണ്ട് അയാളുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമെന്റ് ചെയ്യുന്നത്.
Comments