തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ ഉയർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തെ ഒരുപാട് ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. ഇനിയും ഒരുപാട് ഉയർത്തി കൊണ്ടു വരേണ്ടതുണ്ട്. കേരളത്തിന് ഇനിയും നേട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
തൊഴിലില്ലായ്മയും പട്ടിണിയും കഷ്ടപ്പാടുമില്ലാത്ത ഒരു കേരളം. ആ കേരളത്തിന്റെ സൃഷ്ടിക്കു വേണ്ടി ഒട്ടനവധി വികസന പദ്ധതികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സൃഷ്ടിച്ചു. സർക്കാരിന്റെ അത്തരം നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കാനും എൽഡിഎഫ് രംഗത്തിറങ്ങും. എന്താണ് ഇന്നത്തെ കേരളമെന്ന് എല്ലാവരെയും അറിയിക്കും.
കേരളത്തെപ്പറ്റി വിശദീകരിക്കാൻ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രഗൽഭർ രംഗത്തുണ്ടാവും. രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രതിഭകൾ കേരളത്തിന്റെ നേട്ടങ്ങളെപ്പറ്റി വിശദീകരിക്കുന്ന കേരളീയം പരിപാടി എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. കേരള പിറവി ദിനമായ നവംബർ 1 മുതൽ 7 വരെ ഈ പരിപാടി സംഘടിപ്പിക്കും. ഈ പരിപാടി ഒരു ജനകീയ പരിപാടി ആയിരിക്കും. കേരളീയം പരിപാടി വിജയപ്പിക്കാൻ ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണം എന്നും ഇ.പി ജയരാജൻ പറഞ്ഞു.
Comments